ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതും വിപണിയില്‍ അടുത്തമാസം മുതല്‍ പ്രതിഫലിക്കുമെന്നാണ് കണക്കാക്കുന്നത്. 

ദില്ലി: ഓണം മുതല്‍ ആരംഭിച്ച ഉത്സവകാല വില്‍പ്പനയ്ക്ക് ശേഷം രാജ്യത്ത് ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും വില ഉയരാന്‍ സാധ്യത. ഓണം മുതല്‍ ആരംഭിച്ച ഉത്സവ സീസണ്‍ ദസറയും ദീപാവലിയും കഴിഞ്ഞിട്ടും ഇതുവരെ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടില്ല. 

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതും വിപണിയില്‍ അടുത്തമാസം മുതല്‍ പ്രതിഫലിക്കുമെന്നാണ് കണക്കാക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് തീരുവ ഉയര്‍ന്നതും കാരണം അടുത്തകാലത്ത് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചെലവ് ഉയര്‍ത്തിയിരുന്നു. ഇത് ഉല്‍പ്പാദന ചെലവ് ഉയരാനിടയാക്കി.

അടുത്ത മാസം മുതല്‍ പനാസോണിക് ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വില വര്‍ദ്ധിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ ഗൃഹോപകരണ വിപണിയില്‍ മൂന്ന് മുതല്‍ നാല് ശതമാനത്തിന്‍റെ വരെ വില വര്‍ദ്ധനയുണ്ടായതായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലൈസസ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ പറയുന്നു. 

എന്നാല്‍, സെപ്റ്റംബറിലുണ്ടായ ഈ ചെറിയ വിലക്കയറ്റം മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ സഹായിച്ചില്ലെന്നാണ് ഗൃഹോപകരണ നിര്‍മ്മാതാക്കളുടെ പക്ഷം. ഓണക്കാലത്ത് കേരളത്തിലൂണ്ടായ പ്രളയവും കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിയിരുന്നു.