മേയ് 14 മുതല്‍ പെട്രോള്‍ പമ്പുകള്‍ എല്ലാ ഞായറാഴ്ചയും പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനം. രാജ്യത്ത് ഇന്ധന നഷ്ടം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ചാണ് തീരുമാനമെന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന അറിയിച്ചു. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളായിരിക്കും ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ നേരം അടച്ചിടുന്നത്.
നേരത്തെ തന്നെ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നെങ്കിലും ഇത് പുനഃപരിശോധിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് നീട്ടിവെയ്ക്കുകയായിരുന്നെന്ന് പമ്പുടമകളുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. പുതിയ തീരുമാനം എണ്ണക്കമ്പനികളെ അറിയിക്കും. പ്രധാന മന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലാണ് അടുത്തിടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കണമെന്ന ആഹ്വാനം ഉണ്ടായത്. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ചകളില്‍ 40 ശതമാനത്തോളം വ്യാപാരം കുറവാണെന്നും പമ്പുടമകള്‍ പറയുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ധനം നല്‍കാന്‍ ഒരു ജീവനക്കാരന്‍ ഈ ദിവസം പമ്പിലുണ്ടാകും.
