ദില്ലി: വിവിധ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം തുകയില്‍ ഏപ്രില്‍ ഒന്നുമുതല്‍ കാര്യമായ വര്‍ദ്ധനവുണ്ടാകും. കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും വില കൂടും. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ) അനുമതി നല്‍കിയതാണ് വില വര്‍ദ്ധിക്കാന്‍ കാരണം.

ഇപ്പോഴത്തെ നിരക്കില്‍ അഞ്ചു ശതമാനം വരെ കൂടുതലോ കുറവോ വരുത്താനാണ് കമ്പനികള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമീയം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ദ്ധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് മറ്റ് പ്രീമിയങ്ങളും വര്‍ദ്ധിപ്പിക്കുന്നത്.