സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പര്‍ച്ചേസ് നികുതി സര്‍ക്കാര്‍ പിന്‍വലിക്കും. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഏകാഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ് നികുതി പിന്‍വലിക്കാന്‍ തീരുമാനമായത്. മുന്‍കാല പ്രാബല്യത്തോടെ നികുതി ഒഴിവാക്കുമ്പോള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വയ്‌ക്കുന്നത് ഖജനാവില്‍ എത്തേണ്ടിയിരുന്ന 2500 ഓളം കോടി രൂപയാണ്.

കോബൗണ്ടിംഗ് നികുതിക്ക് പുറമെ വാങ്ങുന്ന സ്വര്‍ണ്ണത്തിന് അഞ്ച് ശതമാനം പര്‍ച്ചേസ് നികുതി കൂടി നിലവില്‍ വന്നത് 2014ലാണ്. കെഎം മാണി അവതരിപ്പിച്ച ധനകാര്യ ബില്ലിലെ എട്ടാം വകുപ്പ് ഭേദഗതി പ്രകാരം ഇടപാടുകള്‍ക്കെല്ലാം സ്വര്‍ണ്ണ വ്യാപാരികള്‍ നികുതിയും പിഴയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഖജനാവിലെത്തുന്നത് 2500 മുതല്‍ 3000 കോടി രൂപ വരെ. മിക്ക വന്‍കിട ജ്വല്ലറികളും മുന്നൂറും നാനൂറും കോടി രൂപ പിഴയൊടുക്കേണ്ട അവസ്ഥക്കാണ് പരിഹാരമാകുന്നത്. നികുതി തെറ്റായാണ് ഉള്‍പ്പെടുത്തിയതെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം പിന്‍വലിക്കാനാണ് തീരുമാനം. വന്‍കിട സ്വര്‍ണ്ണ വ്യാപാരികള്‍ക്ക് ഓരോരുത്തര്‍ക്കും മുന്നൂറും നാനൂറും കോടി രൂപ പിഴയടക്കേണ്ട സാഹചര്യം പരിഗണിച്ച് മുന്‍കാല പ്രാബല്യത്തോടെയാണ് വാങ്ങല്‍ നികുതി പിന്‍വലിക്കുന്നത്. നികുതി പിന്‍വലിക്കല്‍ വ്യവസ്ഥ ധനബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സബ്ജക്ട് കമ്മിറ്റി ശുപാര്‍ശ ഭേദഗതിയായി പരിഗണിച്ച് ബില്‍ നിയമസഭയില്‍ വ്യാഴാഴ്ച പാസാക്കും.