മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന 'ഇരുവർ' എന്ന അഭിമുഖം സൈബറിടത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. 2011-ൽ മോഹൻലാൽ ഉമ്മൻചാണ്ടിയുമായി നടത്തിയ അഭിമുഖവും ഈ സാഹചര്യത്തിൽ വീണ്ടും ചർച്ചയാവുകയാണ്.
തിരുവനന്തപുരം: മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖത്തെ ചൊല്ലി സൈബറിടത്തിൽ പോര്. പിആർ അഭിമുഖമെന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ ആരോപിക്കുമ്പോൾ ഇരുവരും സുഹൃത്തുക്കൾ ആണെന്നും പ്രചാരണം അല്ല ലക്ഷ്യമെന്നും സിപിഎം വാദിക്കുന്നു. അഭിമുഖം നാളെ ചാനലുകളിൽ എത്തും. 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ അഭിമുഖം നടത്തിയത്. വികസനം, വിവാദങ്ങൾ, കുടുംബജീവിതം എന്നിവയെല്ലാം ആ അഭിമുഖത്തിൽ ചർച്ചയായിരുന്നു.' ഇരുവർ' എന്നു തന്നേ ആയിരുന്നു ആ അഭിമുഖത്തിന്റെയും തലക്കെട്ട്.
2019 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചിത്രീകരിച്ച ഈ അഭിമുഖത്തെ അന്ന് ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ വലിയ തോതിൽ വിമർശിച്ചിരുന്നു. രാഷ്ട്രീയ ചോദ്യങ്ങൾ ഇല്ലാതിരുന്ന ആ അഭിമുഖം മോദിയുടെ വ്യക്തിജീവിതം, ശീലങ്ങൾ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ആസൂത്രണം ചെയ്ത പിആർ സ്റ്റണ്ട് ആണിതെന്ന് അന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ‘മോദിജി, മാമ്പഴം ചെത്തിയാണോ, കടിച്ചാണോ കഴിക്കുന്നത്?’ എന്നും മറ്റും ചോദിച്ചത് സൈബറിടങ്ങളിൽ ട്രോളായി മാറി. താൻ ഒരു സാധാരണക്കാരന്റെ ജിജ്ഞാസയോടെയാണ് ചോദ്യങ്ങൾ ചോദിച്ചതെന്നും രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കുന്നത് തന്റെ ജോലിയല്ലെന്നും പിന്നീട് അക്ഷയ് കുമാർ ഇതിനെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി.
സൈബർ പോര് ടീസർ പുറത്തുവന്നതോടെ
മോഹൻലാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുന്ന 'ഇരുവർ' എന്ന പരിപാടിയുടെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഒരു സിനിമാ റിലീസിനെ അനുസ്മരിപ്പിക്കുന്ന വിധം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ടീസറിനെ വരവേറ്റത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അഭിമുഖമെന്നാണ് ടീസറിൽ നിന്നുള്ള സൂചന. പുറത്തുവന്ന ടീസറിൽ മോഹൻലാൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. "എന്റെ ഏതെങ്കിലും സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?", “മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്?” തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾ ലാൽ ഉയർത്തുന്നുണ്ട്. ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയ കാര്യം ഉണ്ടോ എന്ന ഗൗരവകരമായ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. മറുപടികളിലെ ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ടീസർ അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് അഭിമുഖം ചിത്രീകരിച്ചത്.
