Asianet News MalayalamAsianet News Malayalam

പുതിയ കേരളം നിര്‍മ്മിക്കാന്‍ മൂലധനം തേടി സര്‍ക്കാര്‍

 പ്രളയക്കെടുതിയില്‍ നിന്നും പുതിയ കേരളം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനായി മൂലധനം തേടി തലസ്ഥാനത്ത് ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. ആഗോള സാന്പത്തിക ഏജന്‍സികളുമായും, കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതസംഘവുമായും, സംസ്ഥാനത്തെ ബാങ്കുകളുമായും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. 
 

goverment of kerala raising fund for navakeralam
Author
Thiruvananthapuram, First Published Aug 29, 2018, 11:10 AM IST

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്നും പുതിയ കേരളം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനായി മൂലധനം തേടി തലസ്ഥാനത്ത് ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. ആഗോള സാന്പത്തിക ഏജന്‍സികളുമായും, കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതസംഘവുമായും, സംസ്ഥാനത്തെ ബാങ്കുകളുമായും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. 

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ലോകബാങ്ക്, എഡിബി (ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്) എന്നീ ആഗോള സാന്പത്തിക ഏജന്‍സികളില്‍ നിന്നും വായ്പയെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  രണ്ട് ഏജന്‍സികളില്‍ നിന്നുമായി പതിനഞ്ചംഗ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച തലസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. 

രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ചര്‍ച്ച ഉച്ചവരെ നീണ്ടേക്കും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോംജോസും ധനവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം ലോകബാങ്ക്---എഡിബി പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കാണും. ഇരു ഏജന്‍സികളുടേയും നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ഇന്ന് നടക്കുന്ന യോഗം വിലയിരുത്തും. പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇവരെ സര്‍ക്കാര്‍ ധരിപ്പിക്കും.

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വായ്പാ തുക, കാലാവധി, അതിനുള്ള ഉപാധികള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയില്‍ എത്തിയിട്ടില്ല. ആഗോള ഏജന്‍സികളില്‍ നിന്നുമുള്ള വായ്പകളില്‍ സൂഷ്മത വേണമെന്ന് സിപിഐ നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

നിലവില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന കുടിവെള്ളപദ്ധതികളില്‍ എഡിബിയും, ലോകബാങ്കും സഹകരിക്കുന്നുണ്ട്. പ്രളയാനന്തരമുള്ള സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ റോഡ് വികസനം, വൈദ്യുതി, കുടിവെള്ള വിതരണം എന്നീ മേഖലകളില്‍ ലോകബാങ്കിന്‍റേയും എഡിബിയുടേയും സഹായം ലഭിച്ചേക്കും എന്നാണ് സൂചന. എന്നാല്‍ ഇന്ന് നടക്കുക പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണെന്നും വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച വിശദമായ ചര്‍ച്ച പിന്നീട് നടക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുള്ളത്. 

ലോകബാങ്ക് പോലുള്ള ഏജന്‍സികളില്‍ നിന്ന് കടമെടുക്കണമെങ്കില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തേണ്ടതുണ്ട്. ഇതിനുള്ള അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇതുസംബന്ധിച്ച  ചര്‍ച്ചകള്‍ക്കായി കേന്ദ്രധനകാര്യസഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലകേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഇവരുമായി ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ചര്‍ച്ച നടത്തും. 

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനുള്ള മൂലധനം സ്വരൂപിക്കാനായി ജിഎസ്ടിയ്ക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തണം എന്ന കേരളം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യവും കേന്ദ്രസംഘവുമായി സംസ്ഥാനം ചര്‍ച്ച ചെയ്യും. ഇതോടൊപ്പം ഇന്നു വൈകിട്ട് നാല് മണിക്ക് ചേരുന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ യോഗവും സര്‍ക്കാരിന് നിര്‍ണായകമാണ്. പ്രളയത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള എല്ലാ ലോണുകളിലും സര്‍ക്കാര്‍ മൊറട്ടോറിയം  പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പലിശ എഴുതി തള്ളുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിലും ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാക്കും. 

Follow Us:
Download App:
  • android
  • ios