ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 8.7 ശതമാനം പലിശ നല്‍കുന്നതിനു കേന്ദ്ര ധനമന്ത്രാലയം അംഗീകാരം നല്‍കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 8.8 ശതമാനമാണു പലിശ ശുപാര്‍ശ ചെയ്തിരുന്നത്. ഇതാദ്യമായാണ് ഇപിഎഫ്ഒ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.

2013 - 2014, 2014 - 2015 കാലയളവില്‍ 8.75 ശതമാനമായിരുന്നു പ്രൊവിഡന്റ് ഫണ്ട് പലിശ. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ കാല്‍ ശതമാനം അധികമായിരുന്നു ഇത്. അതിനും മുന്‍പത്തെ വര്‍ഷം എട്ടേകാല്‍ ശതമാനമായിരുന്നു പലിശ.

2010 2011 വര്‍ഷമായിരുന്നു പിഎഫിന് ഏറ്റവും കൂടുതല്‍ പലിശ നല്‍കിയത്. 9.5 ശതമാനം പലിശ ഇക്കാലയളവില്‍ നല്‍കി. അഞ്ചു കോടിയോളം ആളുകള്‍ക്കാണു പിഎഫില്‍ നിക്ഷേപമുള്ളത്.

പിഎഫിന് ആദായ നികുതിയിലില്‍ ഇളവുള്ളതിനാല്‍ പണം പിന്‍വലിക്കുമ്പോള്‍ 12 ശതമാനത്തോളം പലിശ നേട്ടമുണ്ടാകും.