ദില്ലി: ആധാറും പാന്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ട്വിറ്റര്‍ വഴി ഇന്ന് നല്‍കിയ അറിയിപ്പ് പ്രകാരം നിലവില്‍ പാന്‍ കാര്‍ഡുകളുള്ള എല്ലാവരും ഓഗസ്റ്റ് 31ന് മുമ്പ് അത് ആധാറുമായി ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അടക്കം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. 

ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ അപ്രതീക്ഷിതമായി അഞ്ച് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. ഇക്കാലയളവില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നമ്പറോ അല്ലെങ്കില്‍ ആധാറിനായി വിവരങ്ങള്‍ നല്‍കിയതിന്റെ എന്‍റോള്‍മെന്റ് നമ്പറോ ആവശ്യമാണ്. കേന്ദ്ര റവന്യൂ വകുപ്പിലെയും പ്രത്യക്ഷ നികുതി ബോര്‍ഡിലെയും ഉന്നത ഉദ്ദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന ശേഷമാണ് അവസാന തീയ്യതി പ്രഖ്യാപിച്ചത്. ആദായ നികുതി നിയമം 133AA പ്രകാരമാണ് പാന്‍ കാര്‍ഡിനൊപ്പം ആധാറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. നികുതി വെട്ടിപ്പും വരുമാനം കുറച്ച് കാണിക്കുന്നതും തടയാനാണിതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.