ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാനടിക്കറ്റുകളെടുക്കാനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് സൂചന. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടോ അല്ലെങ്കില്‍ ആധാറോ ഹാജരാക്കേണ്ടി വരും. വിമാനത്താവളങ്ങളിലോ വിമാനങ്ങളിലോ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ കണ്ടെത്താനും തിരിച്ചറിയാനും വേണ്ടിയാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങിയെന്ന് വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. വിമാനത്തിനകത്ത് അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ കര്‍ശനമായി നേരിടാനാണ് തീരുമാനം. അടുത്തിടെയാണ് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചിരുന്നു. ഇതിന് ശേഷം എയര്‍ ഇന്ത്യയും പിന്നാലെ മറ്റ് വിമാനക്കമ്പനികളും എം.പിയെ വിമാനങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കിയിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിലക്ക് നീക്കുകയാണ്. ഇതിന് പിന്നാലെയാണ് വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നവരെ പിന്നീട് സ്ഥിരമായി വിമാനത്തില്‍ കയറ്റാതിരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയര്‍ എന്നീ കമ്പനികള്‍ അംഗങ്ങളായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സാണ് പ്രശ്നക്കാരായ യാത്രക്കാരെ ഉള്‍പ്പെടുത്തി'നോ ഫ്ലൈ' ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.