ദില്ലി: കണക്കില്‍പെടാത്ത പണം സ്വയം വെളിപ്പെടുത്താനുള്ള അവസാന അവസരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജനയുമായി ബാങ്കുകള്‍ സഹകരിക്കുന്നില്ലെന്ന് പരാതി. മാര്‍ച്ച് 31 വരെ പദ്ധതി അനുസരിച്ച് വരുമാനം വെളിപ്പെടുത്തി നികുതിയും പിഴയും അടക്കാന്‍ അവസരമുണ്ടെങ്കിലും ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

എന്നാല്‍ ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പി.എം.ജി.കെ.വൈ പദ്ധതി അനുസരിച്ച് നിക്ഷേപം സ്വീകരിക്കാനാവശ്യമായ സംവിധാനം ബാങ്കുകള്‍ സോഫ്‍റ്റ്‍വെയറില്‍ ഉള്‍പ്പെടുത്തണമെന്നും നിക്ഷേപം സ്വീകരിക്കാത്ത ബാങ്കുകളുടെ ശാഖകള്‍ അടച്ചുപൂട്ടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി അനുസരിച്ച് നിക്ഷേപം സ്വീകരിക്കുന്നതില്‍ ഇതുവരെ ബാങ്കുകള്‍ വ്യക്തമായ ധാരണയില്ല. പല ബാങ്കുകളിലും ഇതിനാവശ്യമായ സോഫ്റ്റ്‍വെയര്‍ ക്രമീകരണമില്ല. അതുകൊണ്ടുതന്നെ നികുതിയും പിഴയും അടച്ച് പണം നിക്ഷേപിക്കാനെത്തുന്നവരെ ബാങ്കുകള്‍ മടക്കി അയക്കുകയാണ് പതിവ്.