രാജ്യം ഒറ്റ നികുതിയിലേക്ക് നീങ്ങാനുള്ള സുപ്രധാന ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ പാസ്സാക്കി. ഇപ്പോള്‍ ഒഴിവാക്കിയ മദ്യം, പെട്രോള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവ ഭാവിയില്‍ ചരക്കു സേവന നികുതി ബില്ലിന്റെ പരിധിയില്‍ വരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി മാറ്റിയെഴുതാന്‍ പോകുന്ന ചരക്കു സേവന നികുതി ബില്‍ ലോക്‌സഭ ചര്‍ച്ചയ്‌ക്ക് എടുത്തത്. കേന്ദ്ര ചരക്കു സേവന നികുതി ബില്‍, സംയോജിത ചരക്കുസേവന നികുതി ബില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്‌ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശ ജി.എസ്.ടി ബില്‍ എന്നിങ്ങനെ നാലു ബില്ലുകള്‍ ഒന്നിച്ച് എട്ടുമണിക്കൂര്‍ ലോക്‌സഭ ചര്‍ച്ച ചെയ്തു. ബില്ല് രാഷ്‌ട്രീയ കാരണങ്ങളാല്‍ ബി.ജെ.പി തടസ്സപ്പെടുത്തിയത് കാരണം 12 ലക്ഷം കോടി രൂപയുടെ നഷ്‌ടം രാജ്യത്തിനുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‍ലി ആരോപിച്ചു. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഏകീകൃത നികുതി നിരക്ക് എന്ന ആവശ്യം മറുപടിയില്‍ തള്ളിയ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ ഇല്ലാത്തവയും ഭാവിയില്‍ പരിധിയില്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി

ബില്ലുകള്‍ ഒടുവില്‍ വോട്ടിനിട്ടപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തില്ല. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപോയി. കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന 14 നികുതികള്‍ക്ക് പകരമാണ് ഒറ്റ ചരക്കു സേവന നികുതി ഈടാക്കുന്നത്. രാജ്യസഭയുടെ അനുമതി നിര്‍ബന്ധമില്ലെങ്കിലും ഇനി രാജ്യസഭയില്‍ ഇത് ചര്‍ച്ചയ്‌ക്കു പോകും. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ധനബില്‍ രാജ്യസഭയില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നിവര്‍ അവതരിപ്പിച്ച അഞ്ച് ഭേദഗതികള്‍ പാസ്സായി. പണബില്ലായതിനാല്‍ ലോക്‌സഭയ്‌ക്ക് ഇത് നിരാകരിക്കാമെങ്കിലും ഭരണപക്ഷത്തിന് വെറും 52 വോട്ടുകളേ രാജ്യസഭയില്‍ കിട്ടിയുള്ളൂ എന്നത് സര്‍ക്കാരിന് തിരിച്ചടിയായി