ഇന്നു മുതല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ ഒരു കാര്‍ സ്വന്തമാക്കുകയെന്ന സാധാരണക്കാരന്റെ ആഗ്രഹം സഫലമാകാന്‍ സാധ്യതയേറുന്നു. വിവിധ നികുതികള്‍ എടുത്തുകളഞ്ഞ് ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെ 28 ശതമാനം ഏകീകൃത നികുതിയാണ് എല്ലാ കാറുകള്‍ക്കുമുള്ളത്. ഇതിന് പുറമെ 1200 സി.സിയില്‍ താഴെയുള്ള പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസും 1500 സി.സിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്ക് മൂന്ന് ശതമാനം സെസും അധികമായി ഈടാക്കും. ലക്ഷ്വറി വാഹനങ്ങള്‍ക്കും എസ്.യു.വികള്‍ക്കും 15 ശതമാനം സെസ് ഈടാക്കും. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും 15 ശതമാനം തന്നെയാണ് സെസ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 12 ശതമാനം ജി.എസ്.ടി മാത്രമായിരിക്കും ഈടാക്കുക.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി മൂന്ന് ശതമാനത്തോളമാണ് വിവിധ മോഡലുകള്‍ക്ക് വില കുറച്ചത്. ലക്ഷ്വറി കാറുകള്‍ക്കും ഒന്‍പത് ശതമാനത്തോളം വില കുറച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ജി.എസ്.ടി കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 10 ശതമാനത്തോളം വില കൂടുകയും ചെയ്യും.
രാജ്യത്തെ പകുതി കാറുകളും വില്‍ക്കുന്ന മാരുതി, ജി.എസ്.ടിയുടെ മുഴുവന്‍ ലാഭവും ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മൂല്യ വര്‍ദ്ധിത നികുതിയുടെ (വാറ്റ്) നിരക്ക് അനുസരിച്ചായിരിക്കും വിലക്കുറവും വിപണിയില്‍ ദൃശ്യമാവുക. മാരുതിയുടെ ബെസ്റ്റ് സെല്ലറായ ബലേനോയ്ക്ക് 6,600 രൂപ മുതല്‍ 13,100 രൂപ വരെ കുറവ് വരും. ബ്രെസയ്ക്ക് 10,400 രൂപ മുതല്‍ 14,700 രൂപ വരെ വില കുറയും. ചെറുകാറായ ആള്‍ട്ടോ 800നും വില കുറയുമെന്ന് മാരുതി അറിയിച്ചിട്ടുണ്ട്. 2,300 രൂപ മുതല്‍ 5,400 രൂപ വരെയായിരിക്കും ആള്‍ട്ടോ 800ന് വില കുറയുന്നത്. എസ്-ക്രോസിനാണ് ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്നത്. 17,700 രൂപ മുതല്‍ 21,300 രൂപ വരെയായിരിക്കും എസ് ക്രോസിന് കുറയുന്നത്.
അതേസമയം ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി ഇളവ് എടുത്ത് കളഞ്ഞതിനാല്‍ സിയാസ്, എര്‍ട്ടിഗ എന്നിവയ്ക്ക് 10 ശതമാനത്തോളം വില കൂടുമെന്നും വാഹന വിപണന രംഗത്തുള്ളവര്‍ പറയുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായും പുതിയ വിലപ്പട്ടിക ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെര്‍സിഡസ് ബെന്‍ഡസും ടാറ്റാ ജാഗ്വാറുമൊക്കെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
