തിരുവനന്തപുരം: ജിഎസ്‌ടി വന്നതോടെ പുസ്തകങ്ങള്‍ക്കും ചെലവേറും. പേപ്പര്‍ ഉള്‍പ്പടെയുള്ളവയ്‌ക്ക് നികുതി കൂട്ടിയതും റോയല്‍റ്റിക്ക് നികുതി എര്‍പ്പെടുത്തിയതുമാണ് കാരണം.പുസ്തകങ്ങള്‍ക്ക് വില കൂട്ടാതിരിക്കാന്‍ കഴിയില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കി. ചരക്ക് സേവന നികുതി നിയമത്തില്‍ പുസ്തകങ്ങള്‍ക്ക് പൂജ്യം ശതമാനമാണ് നികുതി. എന്നാല്‍ പേപ്പറുകള്‍ക്ക് 18 ശതമാനം നികുതി എര്‍പ്പെടുത്തി.
പേപ്പര്‍ കവറുകള്‍ക്കും ഇതാണ് നികുതി. ഒപ്പം അട്ടിമറി കൂലിക്ക് നികുതി കൂട്ടി. കെട്ടിടങ്ങളുടെ വാടകയുടെ നികുതി 4 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 18 ശതമാനമായി. ഇതിന് പുറമേ റോയല്‍റ്റിക്കും റിവേഴ്‌സ് ചാര്‍ജ് സമ്പ്രദായത്തില്‍ പ്രസാധകര്‍ നികുതി നല്‍കണം. പ്രമുഖപ്രസാധകരായ ഡിസി ബുക്‌സിന് പുതിയ നിയമത്തിലൂടെ രണ്ടേകാല്‍കോടിയുടെ അധികബാധ്യത.
വിദേശരാജ്യങ്ങളില്‍ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താറില്ലെന്ന് പ്രസാധകര്‍ ചൂണ്ടിക്കാട്ടുന്നു. അതേ മാതൃകയില്‍ ഇവിടെയും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതികള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ പുസ്തകങ്ങളുടെ വില കൂട്ടേണ്ടി വരും. അത് പുസ്തകപ്രസാധനേഖലയെ വലിയതോതില്‍ ബാധിക്കും.
