ജിഎസ്ടിയിൽ പഞ്ചസാരയാണ് താരം

ചരക്ക് സേവന നികുതി നിരക്കുകൾ തീരുമാനിക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ കൂട്ടായ്മയായ ജിഎസ്ടി കൗൺസിന് മുന്നിലേക്ക് അപ്രതീക്ഷിതമായാണ് പഞ്ചാസാരയെത്തുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ കഴിഞ്ഞ ജിഎസ്ടി കൗൺസിലിൽ പഞ്ചസാരയ്ക്ക് മൂന്ന് ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചു. നിലവിലുള്ള അഞ്ച് ശതമാനം ജിഎസ്ടിയ്ക്ക് പുറമേയാണ് ഇത്. കരിമ്പുകര്‍ഷകര്‍ക്കും പഞ്ചസാരവ്യവസായത്തിനും പിന്തുണ നൽകാനാണ് സെസ്സെന്നാണ് കേന്ദ്ര വിശദീകരണം. 

വടക്കേ ഇന്ത്യൻ ബെൽറ്റിലെ കരിമ്പുകര്‍ഷകരുടെ വോട്ട് ബാങ്കിൽ നിക്ഷേപമിറക്കി ഭദ്രമാക്കാനുള്ള ബിജെപിയുടെ കൗശലം. കരിമ്പ് കൃഷി വ്യാപകമായുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി തീരുമാനം സ്വാഗതം ചെയ്തു. കേരളവും തമിഴ്നാടും എതിര്‍ത്തു. പഞ്ചസാര പ്രിയരുടെ എണ്ണം കൂടുതലായ കേരളത്തിലെ ഉപഭോക്താക്കളിൽ അധികാരഭാരം ഏൽപ്പിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ശക്തിയുക്തം വാദിച്ചു. ജിഎസ്ടി കൗൺസിലിൽ തോമസ് ഐസക്കിന്‍റെ പ്രതിഷേധം പതിവുപോലെ ഫലം കണ്ടു. പഞ്ചസാരയ്ക്കുമേൽ സെസ് ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ധനമന്ത്രിമാരുടെ ഉപസമിതിയെ ചുമതലപ്പെടുത്തി.

സമിതിയുടെ ആദ്യയോഗം ദില്ലിയിൽ ചേര്‍ന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ കേരളം ഒറ്റപ്പെട്ടു. ജിഎസ്ടി കൗൺസിലിൽ കേരളത്തിനൊപ്പം നിന്ന തമിഴ്നാടിനാകട്ടെ മിണ്ടാട്ടവുമില്ല. ഒടുവിൽ അസം, മഹാരാഷ്ട്ര ധനമന്ത്രിമാരും ഉൾപ്പെട്ട ഉപസമിതി തീരുമാനമാകാതെ പിരിഞ്ഞു. സെസ്സിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ ഭക്ഷ്യ, നിയമ, ജിഎസ്ടി വകുപ്പുകളോട് സമിതി ആവശ്യപ്പെടുകയും ചെയ്തു. സെസ്സിനെക്കുറിച്ച് തീരുമാനമെടുക്കാൻ ജിഎസ്ടി കൗൺസിലിന് അധികാരമുണ്ടോ, മുൻകാലങ്ങളിൽ കരിമ്പ് കര്‍ഷകര്‍ക്ക് കേന്ദ്രം സഹായം നൽകിയത് എങ്ങനെ?, സെസ് അല്ലാതെ മറ്റെന്തൊക്കെ മാര്‍ഗങ്ങൾ മുന്നിലുണ്ട് എന്നീ ചോദ്യങ്ങളാണ് മന്ത്രിമാരുടെ ഉപസമിതി മുന്നോട്ടുവച്ചത്. 

പഞ്ചസാരയ്ക്ക് സെസ് വേണ്ടെന്ന് കട്ടായം പറയുന്ന ധനമന്ത്രി തോമസ് ഐസക് നിരത്തുന്ന വാദങ്ങളിൽ പ്രധാനപ്പെട്ടത് പരിശോധിക്കാം: 

1. ജിഎസ്ടി വരുന്നതിന് മുമ്പ് പഞ്ചസാരയ്ക്ക് വിൽപ്പന നികുതിയുണ്ടായിരുന്നില്ല. ചെറിയ സെസും കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവയുമടക്കം 100രൂപയുടെ പഞ്ചസാരയ്ക്ക് 55 പൈസ മാത്രം. 

2. ഇപ്പോൾ 100 രൂപയ്ക്ക് അഞ്ച് രൂപ ജിഎസ്ടി പഞ്ചസാരയ്ക്ക് നിലവിലുണ്ട്. ഇതിന് പുറമേയാണ് മൂന്നുരൂപ സെസ് ചുമത്താനുള്ള നീക്കം. 

3. ജിഎസ്ടിയ്ക്ക് മുമ്പുള്ള അവസ്ഥയെ അപേക്ഷിച്ച് 354 ശതമാനം അധിക നികുതി വരുമാനം കേന്ദ്രത്തിന് കിട്ടും 

4. ഇഷ്ടം പോലെ സെസ് ചുമത്തുന്നതിനോട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യത്തിനും എതിര്‍പ്പുണ്ട്. ഇറക്കുമതിക്കുമേൽ അധിക നികുതിയാകാമെന്ന നിലപാടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റേത്. 

5. കരിമ്പ് കര്‍ഷകര്‍ മാത്രമല്ല, ഉരുളക്കിഴങ്ങ് കര്‍ഷകരും, റബര്‍ കര്‍ഷകരുമൊക്കെ ന്യായ വിലയ്ക്ക് മുറവിളി കൂട്ടുന്നു. 

6. കേന്ദ്രം എടുത്തുകളഞ്ഞ റബറിന്‍റെ സെസും പുന:സ്ഥാപിക്കണം. റബ്ബറിന് മൂന്നു ശതമാനം സെസ് ചുമത്തണം. 

6. ഏഴായിരം കോടി രൂപ പ്രതിവര്‍ഷം സെസ് ഇനത്തിൽ കേന്ദ്രത്തിന് കിട്ടുന്നുണ്ട്. അതിൽ നിന്ന് കരിമ്പ് കര്‍ഷകര്‍ക്ക് സഹായം നൽകാം. 

7. അതിസമ്പന്നരിൽ സര്‍ച്ചാര്‍ജ് ഈടാക്കിയും പണം സമാഹരിക്കാം. 

8. ഓര്‍ഡിനൻസ് വഴി ജിഎസ്ടി നിയമം മാറ്റിയെഴുതി സെസ് ചുമത്താനുളള അധികാരം ജിഎസ്ടി കൗൺസിലിന് നൽകിയതിലും എതിര്‍പ്പ്. സെസ് നിശ്ചയിക്കാൻ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്താം. 

9. അഗ്രികൾച്ചര്‍ സെസ് ഏര്‍പ്പെടുത്തിയും കരിമ്പ് കര്‍ഷകരേയും പഞ്ചസാര വ്യവസായത്തേയും സഹായിക്കാം. 

അങ്ങനെ സ്വര്‍ണത്തിന്‍റെയും ഇറച്ചിക്കോഴിയുടേയും ജിഎസ്ടി തീരുമാനിക്കുന്നതിൽ നിര്‍ണായക ചര്‍ച്ചകൾക്ക് തുടക്കമിട്ട തോമസ് ഐസകിന്‍റെ വാദങ്ങൾ പഞ്ചസാരയുടെ കാര്യത്തിൽ വിജയിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കാത്തിരിക്കാം അടുത്തമാസം മൂന്നിന് മുംബൈയിൽ നടക്കുന്ന ജിഎസ്ടി ഉപസമിതി യോഗത്തിന്‍റെ തീരുമാനത്തിനായി.