നാളെ അര്‍ദ്ധരാത്രി രാജ്യം ഒറ്റ നികുതിയിലേക്ക് നീങ്ങുന്നു. ചരക്കുസേവന നികുതിക്ക് തുടക്കം കുറിക്കാന്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ബഹിഷ്ക്കരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഇന്നുണ്ടാവും. അതേസമയം സമവായത്തിന്റെ അന്തരീക്ഷം കളയരുതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അഭ്യര്‍ത്ഥിച്ചു
കേന്ദ്ര വില്പന നികുതി, സേവന നികുതി, എക്‌സൈസ് തിരുവ, സംസ്ഥാന വില്പന നികുതി, മൂല്യ വര്‍ദ്ധിത നികുതി, വിനോദ നികുതി തുടങ്ങി നിലവിലുള്ള പരോക്ഷ നികുതികള്‍ക്ക് പകരം ചരക്ക് സേവന നികുതി എന്ന ഒറ്റ നികുതിയിലേക്ക് മാറാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഏറെ ചരിത്രം പറയാനുള്ള പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നാളെ അര്‍ദ്ധരാത്രിയില്‍, രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലാകും ജി.എസ്.ടി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
എം.പിമാര്‍ക്കു പുറമെ സംസ്ഥാന മുഖ്യമന്ത്രിമാരെയും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളായ സംസ്ഥാന മന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എം ബഹിഷ്ക്കരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇന്നലെ നടത്തിയ ആശയവിനിമയത്തില്‍ കൂടുതല്‍ നേതാക്കളും ബഹിഷ്ക്കരിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷം ഈ സമീപനം സ്വീകരിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു. സംസ്ഥാന മന്ത്രിമാര്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെയാണ് ജി.എസ്.ടി കൗണ്‍സിലില്‍ ജൂലൈ ഒന്നിന് പുതിയ സമ്പദ്രായത്തിലേക്ക് മാറാനുളള തീരുമാനം എടുത്തതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ജി.എസ്.ടി നിലവില്‍ വരുന്ന ശേഷം ഉയരുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധനമന്ത്രാലയത്തില്‍ കണ്‍ട്രോള്‍ റൂം ഇന്നലെ തുറന്നു.
