ദില്ലി: കടകളിലും മറ്റും കറന്‍സിക്ക് പകരം കാര്‍ഡ് വഴി പണം നല്‍കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ ഇ-വാലറ്റുകളോ ഉപയോഗിക്കുന്നവര്‍ക്ക് ചരക്ക് സേവന നികുതിയില്‍ ഇളവ് അനുവദിക്കുമെന്ന് സൂചന. പണം കൊടുത്ത് വാങ്ങുന്നതിനേക്കാള്‍ രണ്ട് ശതമാനം വിലക്കുറവ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന തരത്തിലാണ് പുതിയ പരിഷ്കാരം വരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ട് നിരോധനത്തിന് തൊട്ടുടനെ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ വിപണിയില്‍ നോട്ടുകളുടെ ലഭ്യത പൂര്‍വ്വസ്ഥിതിയിലായതോടെ കാര്‍ഡുകളുടെയും വാലറ്റുകളുടെയും ഉപയോഗം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആകര്‍ഷകങ്ങളായ ആനൂകൂല്യങ്ങള്‍ നല്‍കി ജനങ്ങളെ ആകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലിലോ അല്ലെങ്കില്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലോ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ചരക്ക് സേവന നികുതിയില്‍ രണ്ട് ശതമാനം ഇളവ് നല്‍കുമെങ്കിലും പരമാവധി 100 രൂപ വരെയായിരിക്കും ഇങ്ങനെ ലാഭിക്കാന്‍ കഴിയുക. ഹോട്ടലുകളിലും മറ്റും പണം നല്‍കുമ്പോള്‍ ഇത്തരമൊരു ഇളവ് ഏറെ ആശ്വാസം പകരും. കാര്‍ഡിന് പുറമെ ഭീം ആപ്പ്, ആധാര്‍ പേ തുടങ്ങിയവയ്‌ക്കും ഇത്തരം നികുതിയിളവ് നല്‍കും. 

കാര്‍ഡ് സ്വീകരിക്കുമ്പോള്‍ ഓരോ ഇടപാടിനും വ്യാപാരിയില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്ന മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റില്‍ (എം.ഡി.ആര്‍) നിലവില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. 2000 രൂപ വരെ ഇടപാടുകള്‍ക്ക് ഈ തുക സര്‍ക്കാര്‍ തന്നെ ബാങ്കുകള്‍ക്ക് നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നത്.