ദില്ലി: ആദായ നികുതി നല്‍കുന്നതിനേക്കാള്‍ പലരേയും ബുദ്ധിമുട്ടിക്കുന്നത് ആതിന് ശേഷമുള്ള റിട്ടേണ്‍ ഫോം പൂരിപ്പിക്കുന്നതാണ്. ഇളവുകളും നികുതിയുമൊക്കെ കണക്കാക്കി ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നല്ലൊരുവിഭാഗം നികുതി ദായകര്‍ക്കും പരസഹായം ആവശ്യമാണ്. എന്നാല്‍ ആദായ നികുതി റിട്ടേണ്‍ ഫോം ഈ വര്‍ഷം മുതല്‍ ലളിതമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളത്തില്‍ നിന്നും പലിശയില്‍ നിന്നും മാത്രം വരുമാനമുള്ളവര്‍ പൂരിപ്പിക്കേണ്ട ഐ.ടി.ആര്‍-1 ഫോമിലാണ് ചില ഭാഗങ്ങള്‍ എടുത്തുകളയാന്‍ തീരുമാനിച്ചിരിക്കുന്നത്.

2017-18 അസസ്മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഏപ്രില്‍ ഒന്നു മുതലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനുള്ള ഫോമില്‍ നിന്ന് നികുതി ഇളവിനുള്ള ചില ഭാഗങ്ങളാണ് നീക്കം ചെയ്തത്. പകരം കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഭാഗങ്ങള്‍ മാത്രം ഫോമില്‍ അവശേഷിക്കും. പി.എഫ് അടക്കമുള്ളവ പ്രതിപാദിക്കുന്ന 80C, മെഡിക്ലൈം തുക പ്രതിപാദിക്കുന്ന 80D എന്നിവയായിരിക്കും ഫോമില്‍ ഇനി ഉണ്ടാവുക. മറ്റ് സെക്ഷനുകള്‍ പ്രകാരം ഇളവുകള്‍ വേണ്ടവര്‍ക്ക് അത് ഉള്‍ക്കൊള്ളിക്കാനുള്ളവിധത്തില്‍ ഫോം വലുതാക്കാനുള്ള അവസരം ഇ-ഫയലിങ് പോര്‍ട്ടലില്‍ ഉണ്ടാവും. പുതിയ ഫോം ഈ മാസം അവസാനം തന്നെ വിജ്ഞാപനം ചെയ്യും. അടുത്ത മാസം ആദ്യം മുതല്‍ ലഭ്യമാവുകയും ചെയ്യും. റിട്ടേണ്‍ ഫോം കൂടുതല്‍ ലളിതമാക്കി, കൂടുതല്‍ പേരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. രാജ്യത്ത് 29 കോടിയിലധികം പേര്‍ക്ക് പാന്‍ കാര്‍ഡുണ്ടെങ്കിലും വെറും ആറു കോടിയോളം പേര്‍ മാത്രമാണ് ഇപ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ജൂലൈ 31 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്ന അവസാന തീയ്യതി.