പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയിലെ വിപുലീകരണത്തിനുമായി 2,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.

ബെംഗളൂരു: സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐകിയ രാജ്യത്ത് സജീവമാകാനൊരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ബെംഗളൂരുവില്‍ പുതിയ സ്റ്റോര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ ശ്രമം. പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയിലെ വിപുലീകരണത്തിനുമായി 2,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി.

2020 ഓടെ രാജ്യത്തിന്‍റെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍ ഐകിയ സ്റ്റോര്‍ എത്തും. 2019 മാര്‍ച്ചോടെ രാജ്യത്ത് ഇ-കൊമേഴ്സ് അധിഷ്ഠിത സേവനങ്ങളും കമ്പനി തുടങ്ങും. ഐകിയയുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദിലാണ് തുടങ്ങിയത്. ബെംഗളൂരുവില്‍ തുടങ്ങാന്‍ പോകുന്ന സ്റ്റോര്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുളളതാകും. 

1,000 പേര്‍ക്ക് പ്രത്യക്ഷത്തിലും 1,500 പേര്‍ക്ക് പരോക്ഷമായും ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് ഐകിയയുടെ കണക്കുകൂട്ടല്‍. 1,000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന സ്വീഡിഷ് -ഇന്ത്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്‍റും ഐകിയ സ്റ്റോറിന്‍റെ ഭാഗമായി ഉണ്ടാകും.