200 രൂപയില്‍ താഴെയുളള അനേകം ഉല്‍പ്പന്നങ്ങളാണ് ഐകിയ ഉപഭോക്താക്കള്‍ക്കായി സ്റ്റോറിലൊരുക്കിയിരിക്കുന്നത്

ഹൈദരാബാദ്: സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമന്‍ ഐകിയ ഒടുവില്‍ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഐകിയയുടെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ തുറന്നു. ഐകിയ ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന 25 റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ആദ്യത്തേതാണ് ഹൈദരാബാദിലേത്. 

വളരെ വേഗം അസംബ്ലി ചെയ്യാന്‍ കഴിയുന്ന വിലക്കുറവും ഗുണമേന്മയുമുളള ഫര്‍ണീച്ചറുകളുടെ ആഗോള നിര്‍മ്മാണ- വിതരണക്കാരാണ് ഐകിയ. ഹൈദരാബാദില്‍ നാല് ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

200 രൂപയില്‍ താഴെയുളള അനേകം ഉല്‍പ്പന്നങ്ങളാണ് ഐകിയ ഉപഭോക്താക്കള്‍ക്കായി സ്റ്റോറിലൊരുക്കിയിരിക്കുന്നത്. പ്രതിവര്‍ഷം ആറ് മില്യണ്‍ ഉപഭോക്താക്കളെയാണ് ഐകിയ പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ ഓണ്‍ലൈന്‍ വിപണന സാധ്യതകളും കമ്പനി ഇന്ത്യയില്‍ നടപ്പാക്കും. 

ആഗോള തലത്തിലെ ഐകിയയുടെ ഏറ്റവും വലിയ സ്റ്റോറാണ് കമ്പനി ഹൈദരാബാദില്‍ ഒരുക്കിയിരിക്കുന്നത്. 1000 സീറ്റുളള റെസ്റ്റോറന്‍റ് സംവിധാനവും കമ്പനി സ്റ്റോറിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.