കണ്ണൂര്‍: നോട്ടു നിരോധനം നിലവിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമുള്ള പണം വായ്പകളിലൂടെ കണ്ടെത്താമെന്ന സാധാരണക്കാരുടെ പ്രതീക്ഷകൾ തകിടം മറിയുകയാണ്. സ്വർണ്ണപണയ വായ്പകളിലൂടെ പോലും പണം നൽകാൻ ബാങ്കുകൾക്കാവുന്നില്ല. വായ്പ നൽകുന്ന ബാങ്കുകൾ പോലും പണയമായി സ്വീകരിക്കുന്ന സ്വർണത്തിന്‍റെ അളവ് നിയന്ത്രിച്ചിരിക്കുകയാണ്. 

സ്വന്തം സ്ഥലത്ത് സ്വന്തമായി വീടെന്ന കുടുംബത്തിന്‍റെ സ്വപ്നം പൂർത്തീകരിക്കാനുള്ള ഓട്ടത്തിലാണ് ലളിത.  12 സെന്‍റ് സ്ഥലത്തിനും വീടിനായി കയ്യിൽ ഉള്ള തുക ആദ്യം നൽകി. ബാക്കി പണം 3 മാസത്തിനകം നൽകാമെന്ന് കരാറും എഴുതി.  ഈ പണം സംഘടിപ്പിക്കാൻ വായ്പക്കായി ശ്രമിക്കുന്നതിനു ഇടെയാണ് നോട്ടു നിരോധനവും നിയന്ത്രണങ്ങളും.  എല്ലാം തകിടം മറിഞ്ഞു.

പാസായ ലോണിൽ നിന്നുള്ള പണം പോലും കിട്ടുന്നില്ലെന്ന് മാത്രമല്ല, വില്പനത്തുക നൽകാൻ ബാക്കി പണം സംഘടിപ്പിക്കാൻ സ്വർണ പണയ വായ്പക്ക് പോലും ശ്രമിക്കാനാകാത്ത അവസ്ഥ.  തസ്‌ജി തട്ടിൽ ഇടപാടുകാരുടെ നേരിട്ട് ബന്ധമുള്ള സഹകരണ ബാങ്കുകൾക്ക്  തങ്ങൾക്ക് നേരിട്ടറിയുന്ന ഇത്തരം ഇടപാടുകാരെ സഹായിക്കാനാകാത്തിന്‍റെ പ്രതിസന്ധി.   

ചികിത്സയോ മറ്റു അടിയന്തിര ആവശ്യം അയാൾ പോലും ബാങ്കിന്റെ പക്കൽ ലഭ്യമായ പണം നോക്കി അതിനു തുല്യമായ ചെറിയ അളവ് സ്വർണം മാത്രം മാത്രം പണയമായി സ്വീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.  ഇതാകട്ടെ നാമമാത്ര സംഖ്യയായിരിക്കും.  സ്വകാര്യ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമല്ല.

നിരവധി പേരാണ് ഇങ്ങനെ എല്ലാ കണക്കു കൂട്ടലുകളും തെറ്റി ദിവസേന ബാങ്കുകളിൽ വന്നു മടങ്ങുന്നത്.   സഹകരണ ബാങ്കുകളുടെ മേൽ കേന്ദ്രം വിവേചനപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും വിനയായി.  ലോൺ മേളകളും കുടിശിക നിവാരണ പദ്ധതികളുമായി സജീവമാകാനിരുന്ന സമയത്താണ് ബാങ്കുകളും ഇടപാടുക്കാരും ഇങ്ങനെ ഒരേ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നത്.