ഇന്ത്യയ്ക്ക് തന്നെ കൈമാറിയാൽ പാര്‍പ്പിക്കുന്ന ജയിലിന്‍റെ സ്ഥിതി പരിതാപകരമെന്ന് വിജയ് മല്യ വാദിച്ചു

ലണ്ടന്‍: ഇന്ത്യന്‍ ജയില്‍ സംവിധാനങ്ങളെ കുറ്റം പറഞ്ഞ് വിജയ് മല്യ ലണ്ടന്‍ കോടതിയിലെത്തി. വിജയ് മല്യയെ വിട്ടുകിട്ടാനായി ഇന്ത്യ നൽകിയ കേസിൽ ലണ്ടൻ കോടതി മല്യക്ക് ജാമ്യം നൽകുകയും ചെയ്തു. വിജയ് മല്യയെ വിട്ടുകിട്ടിയാൻ പാർപ്പിക്കുന്ന ജയിലിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. 

ഇന്ത്യയ്ക്ക് തന്നെ കൈമാറിയാൽ പാര്‍പ്പിക്കുന്ന ജയിലിന്‍റെ സ്ഥിതി പരിതാപകരമെന്ന് വിജയ് മല്യ വാദിച്ചു. വെളിച്ചം പോലും കടക്കാത്തവയാണ് ആർതർ റോഡ് ജയിലിലെ സെല്ലുകളെന്നും ആരോപിച്ചു. അതേസമയം മല്യയെ പാർപ്പിക്കുന്നത് പുതുക്കി പണിത ജയിലിലാണെന്നും ഇന്ത്യ മറുപടി നൽകി. 

മല്യയെ പാര്‍പ്പിക്കാൻ ഉദ്ദേശിക്കുന്ന മുംബൈ ആര്‍തര്‍ റോഡ് ജയിലിന്‍റെ ഫോട്ടോകള്‍ ഇന്ത്യൻ അധികൃതര്‍ കോടതിക്ക് കൈമാറി. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ജയിലിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചു. 1993ൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ കരാറിൽ, കൈമാറുന്ന വ്യക്തിയുടെ മനുഷ്യാവകാശം ജയിലുകളിൽ ലംഘിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നുണ്ട്. സെപ്തംബര്‍12 ന് കേസ് വീണ്ടും പരിഗണിക്കും.