ദില്ലി: തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് സംവിധാനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കാനുള്ള വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് മറ്റൊരു ബാങ്കിനുമില്ലാത്തത്ര ശാഖകള്‍ തുറക്കുക വഴി ബാങ്കിങ് ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് പോസ്റ്റല്‍ പേയ്മെന്റ് ബാങ്കുകള്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്നത്.

ഉദ്ഘാടന ദിവസമായ ഇന്നുതന്നെ 650 ശാഖകളും 3250 ആക്സസ് പോയിന്റുകളും പ്രവര്‍ത്തിച്ചുതുടങ്ങും. കേരളത്തില്‍ 14 ശാഖകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ വര്‍ഷം ഡിസംബര്‍ 31ന് മുന്‍പ് രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളും പേയ്മെന്റ്സ് ബാങ്ക് ശാഖകള്‍ കൂടിയായി മാറും. പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്. 2017 ജനുവരി 30 മുതല്‍ റാഞ്ചിയിലും റായ്പൂരിലും രണ്ട് ശാഖകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെ എടിഎം, മൊബൈല്‍ ബാങ്കിങ്, എസ്എംഎസ്, ഐവിആര്‍എസ് സംവിധാനങ്ങളെല്ലാം ഉണ്ടാകും. രാജ്യത്ത് ഇപ്പോഴുള്ള 17 കോടിയോളം പോസ്റ്റല്‍ സേവിങ്സ് അക്കൗണ്ടുകളെ പേയ്മെന്റ് ബാങ്കുമായി ബന്ധിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് നാല് ശതമാനം പലിശയാണ് ലഭിക്കുന്നത്. വ്യക്തികളില്‍ നിന്നും ചെറുകിട ബിസിനസ് സംരഭങ്ങളില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. എന്നാല്‍ വായ്പ നല്‍കാനുള്ള അനുമതിയില്ല. എന്നാല്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പകള്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.  സേവിങ്ക് അക്കൗണ്ടുകള്‍ പുറമെ, കറണ്ട് അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റുകള്‍ തുടങ്ങിയവയെല്ലാം പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചെയ്യാനാവും. 

10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സേവിങ്സ് അക്കൗണ്ട് തുടങ്ങാം. 100 രൂപ ആദ്യ നിക്ഷേപമായി വേണം. മിനിമം ബാലന്‍സ് വേണ്ട,. പരമാവധി ഒരു ലക്ഷം രൂപ വരെ ഈ അക്കൗണ്ടില്‍ സൂക്ഷിക്കാം. ബയോമെട്രിക് സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ക്യു.ആര്‍ കാര്‍ഡ് സൗജന്യമായി ലഭിക്കും. ഇത് ഉപയോഗിച്ച് ഫണ്ട് ട്രാന്‍സ്ഫര്‍, ബില്‍ പേയ്മെന്റ്, ഷോപ്പിങ് എന്നിവ നടത്താം. ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഈ കാര്‍ഡുകള്‍ നഷ്ടപ്പെട്ടാലും അക്കൗണ്ടിലെ പണം നഷ്ടമാവില്ല. ഇവയടക്കം സേവനങ്ങളുടെ വിപുലമായ നിരയും പോസ്റ്റ് ഓഫീസ് പേയ്മെന്റ്സ് ബാങ്ക് അവതരിപ്പിക്കുന്നുണ്ട്.