ദില്ലി: ട്രെയിനില്‍ റിസര്‍വ് ചെയ്ത സീറ്റ് ലഭിക്കാതെ യാത്ര ചെയ്യേണ്ടി വന്നയാള്‍ക്ക് റെയില്‍വെ 75,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ദില്ലി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ദില്ലി സ്വദേശിയായ വി വിജയ്കുമാര്‍ എന്നയാളാണ് താന്‍ റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റുചിലരാണ് യാത്ര ചെയ്തതെന്നും തനിക്ക് സീറ്റ് ലഭിച്ചില്ലെന്നും കാണിച്ച് ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് 75,000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഇത് സംസ്ഥാന ഫോറം ശരിവെയ്ക്കുകയുമായിരുന്നു.

2013 മാര്‍ച്ച് 30നാണ് ദില്ലിയില്‍ നിന്ന് വിജയവാഡയിലേക്ക് വിജയകുമാര്‍ ട്രെയിനില്‍ യാത്ര ചെയ്തത്. കാല്‍ മുട്ടിന് വേദനയുണ്ടായിരുന്നതിനാല്‍ ലോവര്‍ ബെര്‍ത്താണ് റിസര്‍വ് ചെയ്തിരുന്നത്. യാത്രയ്ക്കിടെ മദ്ധ്യപ്രദേശിലെ ബിന സ്റ്റേഷനില്‍ വെച്ച് ട്രെയിനില്‍ കയറിയ ചിലര്‍ തന്റെ സീറ്റ് കൈവശപ്പെടുത്തിയെന്നാണ് പരാതി. സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധം ഇവര്‍ ശല്യവും ചെയ്തു. ട്രെയിനിലെ ടി.ടി.ഇയോട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിയാണ് താന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പരാതി പരിഗണിച്ച ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ റെയില്‍വെയുടെ ഭാഗം വിശദീകരിക്കാന്‍ ആരും എത്തിയില്ല. തുടര്‍ന്ന് മോശം സേവനത്തിന്റെ തെളിവായി അതും പരിഗണിച്ച ഉപഭോക്താവിന് നേരിട്ട ബുദ്ധിമുട്ടിന് പരിഹാരമായി 75,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. തുകയുടെ മൂന്നില്‍ ഒരു ഭാഗം ആ ദിവസം പരാതിക്കാരന്‍ യാത്ര ചെയ്ത കോച്ചിന്റെ ചുമതലയുണ്ടായിരുന്ന ടി.ടി.ഇയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവുണ്ട്.