രണ്ട് ദിവസത്തിനിടെ 1.18 രൂപയുടെ വര്‍ദ്ധനവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായത്. വിദേശ നിക്ഷേപം കൂടുതലായി എത്തുന്നതും രാജ്യന്തര തലത്തില്‍ കറന്‍സികള്‍ ശക്തിയാര്‍ജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യം ഉയര്‍ത്തുന്നത്. 344 കോടി രൂപയുടെ നിക്ഷേപമാണ് ഇന്നലെ മാത്രം വിപണിയിലേക്ക് എത്തിയത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ വിജയം രാജ്യത്ത് ഭരണസ്ഥിരതയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കൂടുതല്‍ നിക്ഷേപം നടത്താന്‍ വ്യാപാരികള്‍ക്ക് ധൈര്യം പകരുന്നത്. ഓഹരി വിപണികളിലെ ഉണര്‍വ്വും ഇതിന്റെ ഭാഗമാണ്.
78 പൈസയുടെ നേട്ടത്തോടെ 65.82 എന്ന നിലയിലായിരുന്നു രൂപയുടെ ഇന്നലത്തെ ക്ലോസിങ്. നേട്ടം തുടരുന്ന രൂപ, ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ 40 പൈസ നേട്ടത്തോടെ 65.42 രൂപയിലേക്ക് ഉയര്‍ന്നു. നിലവില്‍ ഏറ്റവും മികച്ച രീതിയില്‍ വിനിമയം ചെയ്യപ്പെടുന്ന ഏഷ്യയിലെ മൂന്നാമത്തെ കറന്‍സിയാണ് രൂപ. പലിശ നിരക്ക് തീരുമാനിക്കാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് യോഗം ചേരാനിരിക്കുന്നത് രൂപയുടെ നിലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. പലിശ കൂട്ടാന്‍ ഫെഡറല്‍ റിസര്‍വ് തീരുമാനിച്ചാല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നേക്കും.
