കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്‍റായി നാലുവര്‍ഷം (2013-17) പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരള സര്‍ക്കാരിന്‍റെ മികച്ച പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്
കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ (എന്‍ടിഎസി) വിദഗ്ധാംഗമായി ഇന്‍റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സിഎംഡി ഏബ്രഹാം ജോര്‍ജിനെ നാമനിര്‍ദ്ദേശം ചെയ്തു. വിനോദസഞ്ചാര മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണിത്.
കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്‍റായി നാലുവര്‍ഷം (2013-17) പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കേരള സര്‍ക്കാരിന്‍റെ മികച്ച പ്രാദേശിക ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത് കെടിഎം സൊസൈറ്റിയാണ്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് വിവിധ വിഷയങ്ങളില്‍ വിദഗ്ധോപദേശം നല്‍കുന്നതിനു വേണ്ടിയാണ് ദേശീയ ടൂറിസം ഉപദേശക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ച് ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടിയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളെ കൂടി അംഗങ്ങളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കെടിഎം ഫൗണ്ടേഷന്‍റെ മാനേജിംഗ് ട്രസ്റ്റി, അസോസിയേഷന്‍ ഓഫ് ഡൊമസ്റ്റിക് ടൂര്‍ ഓപ്പറേറ്റര്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍, കേരള ടൂറിസം ഉപദേശക സമിതി അംഗം, സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് പ്രാദേശിക ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ ഏബ്രഹാം ജോര്‍ജ് വിനോദ സഞ്ചാരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്.
