Asianet News MalayalamAsianet News Malayalam

ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ ഇത് ശ്രദ്ധിക്കുക

IT notifies form for Aadhaar PAN linking
Author
First Published Jul 1, 2017, 10:03 PM IST

ദില്ലി: വിവിധ കാരണങ്ങള്‍ കൊണ്ട് ആധാര്‍ നമ്പറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തവര്‍ക്കായി ആദായ നികുതി വകുപ്പ് പുതിയ സൗകര്യം ഏര്‍പ്പെടുത്തി. നിലവില്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും എസ്.എം.എസ് വഴിയുമാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ സംവിധാനമുള്ളത്. ഇതിന് പുറമേ പ്രത്യേക അപേക്ഷാഫോറം കൂടി പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.

ഒരു പേജ് മാത്രമുള്ള ലളിതമായ ഫോറത്തില്‍ അപേക്ഷകന്റെ ആധാര്‍ നമ്പര്‍, പാന്‍ എന്നിവ രേഖപ്പെടുത്തണം. അപേക്ഷകന്റെ പേര് രണ്ട് രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഫോമില്‍ എഴുതേണ്ടതുണ്ട്. ഇതിന് പുറമേ ഏതാനും സത്യവാങ്മൂലങ്ങളും ഒപ്പിട്ട് നല്‍കണം. മറ്റൊരു പാന്‍ കാര്‍ഡും ഇതേ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന സത്യവാങ്മൂലമാണ്  ഒന്നാമത്തേത്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അപേക്ഷകന് ഇല്ലെന്നും ഒപ്പിട്ട് നല്‍കണം. ആധാറും പാനും ബന്ധിപ്പിക്കാന്‍ ഇപ്പോഴത്തെ അപേക്ഷാഫോറത്തിനൊപ്പം ഇപ്പോള്‍ നിലവിലുള്ള എസ്.എം.എസ്, ഓണ്‍ലൈന്‍ സേവനങ്ങളും അങ്ങനെ തന്നെ തുടരും. 

ജൂലൈ ഒന്നു മുതലാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമായി മാറുന്നത്. ഇതിന് അവസാന തീയ്യതി ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലൈ ഒന്നിന് മുമ്പ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു.

Follow Us:
Download App:
  • android
  • ios