Asianet News MalayalamAsianet News Malayalam

ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമോ?

July 1 is not the date when your unlinked PAN will become invalid
Author
First Published Jun 29, 2017, 7:58 PM IST

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ജൂണ്‍ അവസാനമായതോടെ തിരക്കിട്ട് ആധാര്‍ ബന്ധിപ്പിക്കാനായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ പലപ്പോഴും വെബ്സൈറ്റ് തകരാറുവുന്നുമുണ്ട്.

എന്നാല്‍ ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നു മാത്രമല്ല, ആധാര്‍ ഉള്ളവര്‍ അത് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് ജൂലൈ ഒന്നു മുതലാണ് നിര്‍ബന്ധമാവുന്നത്. ഫലത്തില്‍ ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡുകള്‍ അസാധുവാകില്ലെന്നര്‍ത്ഥം. ഇപ്പോള്‍, അഥവാ ജൂലൈ ഒന്നിന് മുമ്പ് ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യല്‍ നിര്‍ബന്ധമല്ല. ജുലൈ ഒന്നു മുതല്‍ ഇത് നിര്‍ബന്ധമായി മാറും. ഇതിനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന ആ തീയ്യതിക്ക് ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാത്രമേ അസാധുവാകൂ. അവസാന തീയ്യതി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യവുമില്ല.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139AA പറയുന്നത് ഇപ്രകാരമാണ്. "2017 ജൂലൈ ഒന്നിന് പാന്‍ കാര്‍ഡ് ഉള്ളവരും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ എല്ലാവരും, അവരുടെ ആധാര്‍ നമ്പര്‍ പ്രത്യേകം നിശ്ചയിക്കുന്ന ഫോറം വഴി ആദായ നികുതി വകുപ്പിനെ അറിയിക്കണം. സര്‍ക്കാര്‍ ഔദ്ദ്യോഗിക ഗസറ്റിലൂടെ പിന്നീട് വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവായി കണക്കാക്കും".  സര്‍ക്കാര്‍ പിന്നീട് വിജ്ഞാപനം ചെയ്യുന്ന തീയ്യതിക്ക് മുമ്പ് എന്ന് നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഇതിന് അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടുമില്ല. 

ജൂലൈ ഒന്നു മുതല്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാകുമെന്നതിനാല്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ ആധാര്‍ നമ്പ്‍ കൂടി നല്‍കേണ്ടി വരും. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ നമ്പറിനൊപ്പം ആധാറും നിര്‍ബന്ധമാകും. 

അവലംബം: ഇകണോമിക് ടൈംസ്

Follow Us:
Download App:
  • android
  • ios