റവന്യൂ മന്ത്രി കെ. രാജൻ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ഒല്ലൂർ മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ പത്ത് വർഷത്തെ വികസനം എൽഡിഎഫ് ഉയർത്തിക്കാട്ടുമ്പോൾ, വികസന മുരടിപ്പ് ആരോപിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ശ്രമം.
ഒല്ലൂര്‍: നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മത്സരിക്കുന്ന മണ്ഡലമാണ് ഒല്ലൂർ. സിപിഐ നേതാവും നിലവിലെ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാർഥിയായി ഒല്ലൂരില്‍ നിന്ന് ജനവിധി തേടുന്നു. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 35 വർഷത്തെ ചരിത്രത്തിൽ ആദ്യമായി തുടര്‍ച്ചയായി എംഎൽഎയായ ആളെന്ന റെക്കോര്‍ഡ് കെ. രാജനുണ്ട്. മണ്ഡലം രൂപീകൃതമായത് മുതൽ ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന ഒല്ലൂരില്‍ ശക്തമായ അടിത്തറ ഉണ്ടാക്കാൻ സിപിഐക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാധിച്ചിട്ടുണ്ട്. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന കെ. രാജന്‍ ഉറച്ച ആത്മവിശ്വസത്തോടെയാണെങ്കിലും, മണ്ഡലം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
ഒല്ലൂർ മാറും യുഡിഎഫ് ജയിക്കും എന്ന് കോണ്‍ഗ്രസ്
ഇടതിന് വേരോട്ടമുള്ള ഒല്ലൂര്‍ നിയോജക മണ്ഡലം ഇക്കുറി തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. മണ്ഡലത്തിന് പരിചിത മുഖമായ സ്ഥാനാർഥി കൂടിയാകുമ്പോൾ ഇത്തവണ ലീഡ് കൂട്ടാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഒല്ലൂരിലെ എംഎൽഎയുടെ പിആർ വർക്ക് ജനങ്ങൾ തിരിച്ചറിയുമെന്നും വികസന മുരടിപ്പാണ് മണ്ഡലത്തിലുള്ളതെന്നും യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് പറയുന്നു. 'ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത എംഎൽഎയാണ് ഇവിടെയുള്ളത്, ഉമ്മൻ ചാണ്ടി നടപ്പിലാക്കുമെന്ന് പറഞ്ഞ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇതുവരെ പൂർത്തീകരിക്കാൻ എല്‍ഡിഎഫിന് സാധിച്ചിട്ടില്ലെന്നും' ഷാജി കോടന്‍ക്കണ്ടത്ത് കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തൃശ്ശൂർ ജില്ലയിൽ തന്നെ മികച്ച വിജയമാണ് കിട്ടിയത്, അത് നിയമസഭയിലും ആവർത്തിക്കുമെന്നും അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
വികസനത്തിന്‍റെ നേർക്കാഴ്ച്ചയാണ് ഒല്ലൂര്‍ എന്ന് എല്‍ഡിഎഫ്
ജാതിക്കും മതത്തിനുമപ്പുറം നേര് നോക്കി വോട്ട് ചെയ്യുന്ന മനുഷ്യരാണ് ഒല്ലൂർക്കാർ എന്നാണ് പൊതുവെയുള്ള ഖ്യാതി. കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിലുണ്ടായ വികസനമാണ് ജനം ചർച്ച ചെയ്യുന്നത് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും റവന്യൂ മന്ത്രിയുമായ കെ. രാജൻ പറയുന്നത്. മണ്ഡലത്തിൽ സ്‌കൂളുകളും റോഡുകളുമെല്ലാം വികസിച്ചുവെന്നത് നേർക്കാഴ്ച്ചയാണ്. മണ്ണിൽ ജീവിക്കാൻ മനുഷ്യന് അനുവാദം കൊടുക്കുന്ന രാഷ്ട്രീയം കേവലം കക്ഷി രാഷ്ട്രീയമല്ലെന്നും മന്ത്രി പറയുന്നു.
ഒല്ലൂര്‍ മണ്ഡലത്തിലെ വോട്ട് നില- 2021
കഴിഞ്ഞ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.രാജന് കിട്ടിയത് 49.0 ശതമാനം വോട്ടായിരുന്നു. 76,657 വോട്ടാണ് രാജന്‍ നേടിയത്. അതിൽ 21,506 വോട്ടിന്‍റെ ലീഡുണ്ടായിരുന്നു. പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് നേതാവ് ജോസ് വാളൂർ 55,151 വോട്ടുകള്‍ നേടി. 2016-ലെ തെരഞ്ഞെടുപ്പില്‍ 71,666 വോട്ടുകള്‍ നേടിയ കെ.രാജൻ 4,991 വോട്ടുകള്‍ 2021-ൽ വർധിപ്പിച്ചതായാണ് മണ്ഡലത്തിലെ ചരിത്രം.
കേരളത്തിൽ ആര് ഭരിക്കുമെന്നത് ഒല്ലൂര് തീരുമാനിക്കുമെന്നത് രാഷ്ട്രീയ ചരിത്രം കൂടിയാണ്. കാരണം, ഇവിടെ ഏത് പാർട്ടിയാണോ ജയിക്കുന്നത് ആ പാർട്ടി തന്നെ നിയമസഭയിൽ ഭൂരിപക്ഷം നേടാറുള്ളതെന്ന കൗതുകവും ഒല്ലൂര്‍ മണ്ഡലത്തിന്‍റെ പ്രത്യേകതയാണ്. പത്ത് വർഷത്തെ കണക്കൂട്ടലിൽ ജനങ്ങൾ നൽകുന്ന ഉത്തരം തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. രാജൻ. അതേസമയം, ഒല്ലൂരിൽ കളി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ മത്സര ചിത്രത്തിലില്ലെങ്കിലും വോട്ട് ഷെയർ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥി ബിജോയ് തോമസ്.



