ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കര്‍ണാടക. പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം കുറയ്ക്കാനാണ് തീരുമാനം. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയാണ് തീരുമാനം അറിയിച്ചത്. 

ബെംഗളൂരു: കർണ്ണാടകത്തിലെ ജെഡിഎസ്-കോൺഗ്രസ് സർക്കാർ പെട്രോളിനും ഡീസലിനും രണ്ടു രൂപ വില കുറച്ചു. നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ സമ്മർദ്ദ തന്ത്രവുമായി എത്തുന്നത്. എന്നാല്‍ ആദ്യം കേന്ദ്രം നികുതി കുറയ്ക്കട്ടെയെന്നാണ് കേരളത്തിന്റെ നിലപാട്.

കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 15 പൈസയും ഡീലലിന് ആറു പൈസയും ഇന്നു കൂടി. കഴിഞ്ഞ ഒരു മാസത്തിൽ പെട്രോളിന് കൂടിയത് അഞ്ചു രൂപ അൻപത്തിരണ്ട് പൈസ. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ പെട്രോൾ വില രണ്ടു രൂപ കുറച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന ആന്ധ്രാപ്രദേശും പശ്ചിമബംഗാളും നികുതി കുറച്ചു. ഇതിനു പിന്നാലെയാണ് രണ്ടു രൂപ കുറയ്ക്കാനുള്ള കർണ്ണാടകത്തിൻറെ തീരുമാനം. കേരളത്തിൽ നികുതി കുറയ്ക്കുമോ എന്ന ചോദ്യോത്തോട് മന്ത്രി ഇപി ജയരാജൻറെ പ്രതികരണം ഇതായിരുന്നു.

വില കുറയ്ക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും കേന്ദ്രം. ബിജെപിയെ പിന്തുണയ്ക്കുന്ന ബാബാ രാംദേവും ഇന്ധനവില വർദ്ധന സർക്കാരിന് തിരിച്ചടിയാവും എന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ധനമന്ത്രാലയമാണ് തീരുമാനം പറയേണ്ടതെന്ന് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.