സര്‍ക്കാര്‍ നല്‍കിവരുന്ന പാചക വാതക സബ്സിഡി വളരെ തുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ബാങ്കുകള്‍ മിനിമം ബാലന്‍സ് വ്യവസ്ഥയില്‍ സാധാരണക്കാരില്‍ നിന്നും പിഴ ഇടാക്കുന്നത് ജനവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11,500 കോടി രൂപ സര്‍വീസ് ചാര്‍ജ്ജ് ഇനത്തില്‍ ബാങ്കുകള്‍ സാധാരണക്കാരായ ഇടപാടുകാരില്‍ നിന്ന് ചേര്‍ത്തിയതായാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. 

പത്ത് ലക്ഷം കോടിയുടെ കിട്ടാക്കടം ഉണ്ടായിരിക്കെയാണ് വന്‍കിടക്കാരായവര്‍ക്ക് തുടര്‍ച്ചയായി ഇളവുകള്‍ നല്‍കി സാധാരണക്കാരെയും അതിന് താഴെയുളളവരെയും ബാങ്കുകള്‍ ചോര്‍ത്തുന്നത്. ആയിരം രൂപ മിനിമം നിക്ഷേപത്തിലുണ്ടാവണമെന്ന് നിഷ്കര്‍ഷിച്ചാല്‍ സബ്സിഡി തുക മാത്രം അക്കൗണ്ടിലെത്തുന്ന നിക്ഷേപകന് അത്രയും തുക തികയ്ക്കാന്‍ എത്ര മാസങ്ങള്‍ വേണ്ടിവരുമെന്നും ചോദ്യ രൂപത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.

സര്‍ക്കാര്‍ നല്‍കിവരുന്ന പാചക വാതക സബ്സിഡി വളരെ തുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.