റിസര്‍വ് ബാങ്ക് പണനയ സമിതി റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തി. യുദ്ധഭീതി ഒഴിഞ്ഞതും ആര്‍ബിഐയുടെ പ്രഖ്യാപനവും വിപണിക്ക് ഉണര്‍വേകിയപ്പോള്‍, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 6.9% വളര്‍ച്ച നേടുമെന്നും ആര്‍ബിഐ പ്രവചിക്കുന്നു. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറംഗ സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് പണനയ സമിതി തീരുമാനിച്ചു. റിപ്പോ നിരക്ക് (ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പയുടെ പലിശ) 5.25 ശതമാനമായി തന്നെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആറംഗ സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്. ഇതിനു മുന്‍പ് 2025 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലും 2026 ഫെബ്രുവരിയിലും ചേര്‍ന്ന യോഗങ്ങളിലും പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.
വിപണിയില്‍ ഉണര്‍വ്; വെടിനിര്‍ത്തല്‍ പ്രഖ്യാപനം തുണയായി
ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍ബിഐയുടെ പ്രഖ്യാപനം വന്നത്. യുദ്ധഭീതി ഒഴിഞ്ഞതോടെ ആഗോള വിപണിയിലുണ്ടായ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. വിപണി ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് ബിസിനസ് എളുപ്പമാക്കുന്നതിനായി സുപ്രധാന തീരുമാനവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. വിവിധ വ്യാപാര പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുന്നതിനായി എംഎസ്എംഇകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന പരിശോധനകളില്‍ ഇളവ് നല്‍കി. ഇത് രാജ്യത്തെ വ്യാപാര മേഖലയ്ക്ക് വലിയ കരുത്താകും.
വളര്‍ച്ചാനിരക്ക് 6.9 ശതമാനം അടുത്ത സാമ്പത്തിക വര്‍ഷത്തെ (2026-27) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായിരിക്കുമെന്ന് ആര്‍ബിഐ പ്രവചിക്കുന്നു. യുദ്ധം മൂലം ഇന്ധന വില വര്‍ധിക്കുന്നത് ആഗോള വളര്‍ച്ചയ്ക്ക് വെല്ലുവിളിയാണെങ്കിലും ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക ഭദ്രത ശക്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ത്രൈമാസ വളര്‍ച്ചാ പ്രവചനം ഇങ്ങനെ:
ഒന്നാം പാദം: 6.8%
രണ്ടാം പാദം: 6.7%
മൂന്നാം പാദം: 7.0%
നാലാം പാദം: 7.2%
പ്രധാന നിരീക്ഷണങ്ങള്‍
വിദേശനാണ്യ ശേഖരം: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 697.1 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലാണ്.
വിലക്കയറ്റം: നിലവില്‍ വിലക്കയറ്റം 4 ശതമാനത്തിന് താഴെയാണെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷണസാധനങ്ങളുടെ വില കൂടാന്‍ സാധ്യതയുണ്ട്.
അസംസ്‌കൃത എണ്ണ: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിച്ചേക്കാം.
ഇറാന്‍ യുദ്ധം മൂലം മാര്‍ച്ചില്‍ രാജ്യം ചില സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.


