ജ്വല്ലറികള്‍ 2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വാങ്ങല്‍ നികുതി നല്‍കണമെന്ന യു.ഡി.എഫ് ബജറ്റിലെ നിര്‍ദ്ദേശമാണ് പിന്‍വലിക്കാനൊരുങ്ങുന്നത്. കോമ്പൗണ്ടിംഗ് നികുതിക്ക് പുറമെ പഴയ ആഭരണം വാങ്ങുമ്പോഴുള്ള നികുതിയില്‍ വ്യാപാരികള്‍ എതിര്‍പ്പ് അറിയച്ചതോടെ ഇത് പിരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ നടപടിയെ സി.എ.ജി കുറ്റപ്പെടുത്തിയതോടെ വ്യാപാരികള്‍ക്ക് വന്‍തുക അടക്കാനുള്ള നോട്ടീസാണ് നികുതി വകുപ്പ് നല്‍കുന്നത്. 

സാങ്കേതിക പിഴവ് മൂലമാണ് നികുതി ചുമത്താനിടയായതെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി അടുത്തിടെ വിശദീകരിച്ചിരുന്നു. നികുതി ഒഴിവാക്കണമെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് ഇത് ചര്‍ച്ച ചെയ്യാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ചര്‍ച്ചക്ക് ശേഷം അടുത്ത മാസം സംസ്ഥാന ബജറ്റ് പാസ്സാക്കുമ്പോള്‍ നികുതി പിന്‍വലിക്കാനാണ് സാധ്യത.