രാജ്യത്ത് ഏറ്റവുമധികം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം

തിരുവനന്തപുരം: രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി തയ്യാറാക്കിയ വിവിധ ക്ലസ്റ്ററുകളില്‍ കേരളത്തിലെ റബ്ബര്‍ ഉല്‍പ്പാദക ജില്ലകളെ ഒഴിവാക്കി. കേരളത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതും വന്‍ കയറ്റുമതി സാധ്യതയുളളതുമായ റബ്ബറിന്‍റെ ക്ലസ്റ്ററില്‍ നിലവില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. 

കയറ്റുമതിക്ക് അനുയോജ്യമായ വിധത്തില്‍ മികച്ച നിലവാരത്തിലുളള വിളകളുടെ ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളുടെ പട്ടികയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം തയ്യാറാക്കിയത്. റബ്ബര്‍ ബോര്‍ഡിന്‍റെ കണക്കുകളനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ റബ്ബര്‍ ക്ലസ്റ്ററില്‍ കേരളത്തിലെ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല. 

കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ 50 ക്ലസ്റ്ററുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 22 ഉല്‍പ്പന്നങ്ങളാണ് ഇതിന്‍റെ പരിധിയില്‍ വരുന്നത്. പൈനാപ്പിള്‍, ഇഞ്ചി എന്നിവയുടെ ക്ലസ്റ്ററില്‍ മാത്രമാണ് കേരളം ഉള്‍പ്പെട്ടിട്ടുള്ളത്. കരട് ക്ലസ്റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മന്ത്രസഭായോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തു.