വിലയിലുണ്ടായ വ‍ര്‍ദ്ധനവും സംസ്ഥാന സര്‍ക്കാരിന്റ വിലസ്ഥിരതാ പദ്ധതിയും റബ്ബര്‍ മേഖലയിലെ നേരിയ ഉണര്‍വിന് കഴിഞ്ഞ വര്‍ഷം കാരണമായി. പക്ഷേ 2014 മുതല്‍ വന്‍ തോതില്‍ ഇടിഞ്ഞ ഉത്പാദന തോതിന്റെ പകുതി പോലും പുനഃസ്ഥാപിക്കാനായില്ല. ആവശ്യത്തിന് ഉത്പാദനം രാജ്യത്ത് നടക്കാത്തതിനാല്‍ റബ്ബറിനുള്ള ഇറക്കുമതിചുങ്കം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ടയര്‍ ഉത്പാദകര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ അടിയന്തരമായി ആഭ്യന്തര ഉത്പാദനം കൂട്ടിയില്ലെങ്കില്‍ റബ്ബര്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന വളം സബ്സിഡി പോലുള്ള പദ്ധതികളും നികുതിയിളവുകളും ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

റോഡ് നിര്‍മ്മാണം, റബ്ബര്‍ അധിഷ്‌ടിത വ്യവസായങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന റബ്ബറിന് ഇവിടെത്തന്നെ വിപണി കണ്ടെത്താനുതകുന്ന പദ്ധതികളും നയങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു. റബ്ബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ കര്‍ഷകന് കൂടുതല്‍ പണം ലഭിക്കുന്ന തരത്തിലുള്ള തുക വകയിരുത്തല്‍, കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച് നടപ്പിലാകാത്ത റബ്ബര്‍ പാര്‍ക്കിന്റെ പുനരുജ്ജീവനം തുടങ്ങിയവയിലെല്ലാം എന്ത് പ്രഖ്യാപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.