ലോ അക്കാദമി സമരം, യു.എ.പി.എ, വിവരാവകാശ നിയത്തിലെ അവ്യക്തത തുടങ്ങിയ വിഷയങ്ങളില്‍ സി.പി.എം - സി.പി.ഐ തര്‍ക്കം തുടരുകയാണ്. ഇരുപാ‍ര്‍ട്ടികളുടെയും ദേശീയ നേതൃത്വം ഇടപെടുന്നതുവരെ വിഷയംമെത്തി. കാതലായ ഈ വിഷയങ്ങളില്‍ വി.എസ് അച്യുതാനന്ദനും സി.പി.ഐ പക്ഷത്താണ്. അഴിമതി അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന് വി.എസ് പറഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് വിജിലന്‍സ് രാജാണോയെന്ന് ഹൈക്കോടതി വിമര്‍‍ശിച്ചു. സര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ ഇങ്ങനെ നിരവധി വിഷയങ്ങളുള്ളപ്പോഴാണ് ബജറ്റ് സമ്മേളനം ചേരുന്നത്. എന്നാല്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള, സര്‍ക്കാരിനെതിരായ ആരോപണങ്ങളെ രാഷ്‌ട്രീയമായി നേരിടാനുറച്ചാണ് പ്രതിപക്ഷം സഭയിലെത്തുന്നത്.

ഭരണപരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കാത്തതില്‍ വി.എസ് അച്യുതാനന്ദന്‍ അതൃപ്തനാണ്. ലോ അക്കാദമി ഭൂമി വിഷയത്തിലും ഭരണമുന്നിയില്‍ തര്‍ക്കമുണ്ട്. ഈ തര്‍ക്കങ്ങള്‍ പ്രതിപക്ഷം മുതലാക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് ശ്രദ്ധേയമാകും. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയണ് സമ്മേളനം തുടങ്ങുന്നത്. മാര്‍‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. പ്രധാനപ്പെട്ട ചില ബില്ലുകളും ഈ സമ്മേളനത്തില്‍ അവസതരിപ്പിക്കുന്നുണ്ട്. മേയ് മാസത്തിന് മുമ്പ് ബജറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സ്‌പീക്കര്‍ പറഞ്ഞു.