തിരുവനന്തപുരം: ഇന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലും സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ സി.പി.എമ്മും തീരുമാനിച്ചിരുന്നു.

എന്നാല്‍ ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പരമാവധി പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് പരാതിപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. കെ.എം മാണിയും ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.