സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖല. എന്നാല്‍ സര്‍ക്കാര്‍ ആശാവഹമായല്ല ഈ മേഖലയെ പരിഗണിക്കുന്നതെന്ന പരാതി കെട്ടിട നിര്‍മാതാക്കള്‍ക്കുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗത്തും സര്‍ക്കാര്‍ ഭൂമിയുടെ വില നിശ്ചയിച്ചിരിക്കുന്നത് അശാസ്‌ത്രീയമായിട്ടാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഉയര്‍ന്ന ഭൂമി വിലയ്‌ക്കൊപ്പം നോട്ട് അസാധുവാക്കല്‍ കൂടി എത്തിയതോടെ കച്ചവടം നിലച്ചു. എട്ട് ശതമാനത്തില്‍ നില്‍ക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും വില്‍പ്പനയില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. 12 ശതമാനം ചരക്ക് സേവന നികുതി കൂടി വന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മരണമണി മുഴങ്ങും.

ഉയര്‍ന്ന നികുതി നിമിത്തം വന്‍ കോര്‍പ്പറേറ്റുകള്‍ ഇടപാട് നടത്തുമ്പോള്‍ പണത്തിന് പകരം കമ്പനിയുടെ ഓഹരികളാണ് നല്‍കുന്നത്. ഇതുമൂലം ഒരു കോടിയുടെ ഇടപാടിന് 10 ലക്ഷം രൂപ സര്‍ക്കാരിന് നികുതി ലഭിക്കേണ്ടിടത്ത് കിട്ടുന്നത് തുച്ഛമായ തുകയാണ്. ഭൂമി വിലയിലും നികുതിയിലും ഇളവിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള അനുമതിയ്‌ക്കായി ഏകജാലക സംവിധാനം കൂടി കൊണ്ടുവരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.