ആര്യവേപ്പ്,  അയപാല, ബ്രഹ്മി, ബ്രിങ്കരാജ എന്നിവയടക്കം എട്ട് കൂട്ടം ഔഷധങ്ങൾ ചേർത്താണ് കേശ്യം നിർമിക്കുന്നത്.  

കേശസംരക്ഷണത്തിന്, ആയുര്‍വേദ ചികില്‍സയില്‍ മികച്ച പാരമ്പര്യമുള്ള കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സംഭാവനയാണ് കേശ്യം എന്ന കേശതൈലം. മുടിയുടെ ആരോഗ്യത്തിന് പ്രകൃതിതന്നെ കനിഞ്ഞ് നല്‍കിയ വിവിധ ഔഷധങ്ങള്‍ സംയോജിപ്പിച്ച് നിര്‍മിക്കുന്ന തൈലമാണ് കേശ്യം. മുടിയെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി എന്ന നിലയ്ക്കാണ് കേശ്യത്തിന്റെ സ്ഥാനം.

ആര്യവേപ്പ്, കറിവേപ്പ്, അയ്യപ്പാല, ബ്രഹ്മി, കഞ്ഞുണ്ണി എന്നിങ്ങനെ എട്ട് കൂട്ടം ഔഷധങ്ങളാണ് ഈ എണ്ണയില്‍ ചേരുന്നത്. ആദ്യം മരുന്നുകളെല്ലാം കഴുകി വൃത്തിയാക്കുന്നു. അതിന് ശേഷം ഇലകളെല്ലാം അരച്ചെടുക്കുന്നു. അതിലേക്ക് ഉണക്കിയ നെല്ലിക്കയും, ഇരട്ടിമധുരവും, ചിറ്റമൃതും പൊടിച്ചത് ചേര്‍ക്കുന്നു.

ഈ മിശ്രിതം പിന്നീട് ചൂടായ പാത്രത്തിലേക്ക് മാറ്റുന്നു. ഇതിലേയ്ക്ക് വെളിച്ചെണ്ണയും ചേര്‍ത്ത് പാകം ചെയ്താണ് കേശ്യം എന്ന കേശഔഷധം നിര്‍മിക്കുന്നത്. ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഈ മരുന്ന് വിപണിയിലേയ്‌ക്കെത്തുന്നത്.

താരന്‍, മുടികൊഴിച്ചില്‍, മുടിയുടെ തിളക്കം കുറയല്‍, ഉള്ള് കുറയല്‍ അങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി ആയാണ് കേശ്യം നിര്‍ദേശിക്കാറ്. ഇതോടൊപ്പം അകാലനര തടയാനും ഈ തൈലം സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രഹ്മി തല തണുപ്പിക്കാനും ഗുണപ്രദമാണ്.ആയുര്‍വേദം കേശസംരക്ഷണത്തിന് നിര്‍ദേശിക്കുന്ന വിവിധ ഔഷധങ്ങള്‍ ശാസ്ത്രീയമായി സംയോജിപ്പിക്കുന്നതാണ് കേശ്യത്തെ മറ്റ് കേശതൈലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.