വിവിധവകുപ്പുകളും ഏജന്‍സികളും സമര്‍പ്പിച്ച 11,388 കോടിയുടെ പദ്ധതികളാണ് ഇന്നലെ ചേര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ബോര്‍ഡ് യോഗം പരിശോധിച്ചത്. ഇതില്‍ 8041 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. വൈദ്യുതി മേഖലക്ക് 5000 കോടിയാണ് അനുവദിച്ചത്. വിതരണ രംഗത്തെ തടസ്സങ്ങള്‍ പരിഹരിച്ച് മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇത്രയും തുക മാറ്റിവച്ചത്. 

റോഡ്- പെട്രോള്‍ സെസ്സുകളില്‍ നിന്നും ലഭിച്ച 2000 കോടിയോളം രൂപ കിഫ്ബിയുടെ കൈവശമുണ്ട്. 2000 കോടി വായ്പയെടുക്കാനും ബോര്‍ഡ് അനുമതി നല്‍കിയതായി ധനമന്ത്രി പറഞ്ഞു. പദ്ധതി നിര്‍‍വ്വഹണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാര്‍ക്കും സേവന ദാതാക്കള്‍ക്കും കിഫ്ബിയില്‍ നിന്നും ഓണ്‍ലൈനായി നേരിട്ട് പണം നല്‍കും. വൈദ്യുതി മേഖല കഴിഞ്ഞാല്‍ ആരോഗ്യം, പിന്നോക്ക വിഭാഗം, ജലവിഭവം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കാണ് പണം നീക്കിവച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ അനുവദിച്ച 4022 കോടിയുടെ പദ്ധതികള്‍ക്ക് ടെണ്ടര്‍ പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.