പരമ്പരാഗതമായ സ്വത്തോ, സമ്പദ്യമോ ഇല്ലാതെ സ്വന്തം അദ്ധ്വാനത്തിലൂടെ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കകാരിയാണ് കെയ്ലി ജെന്നര്‍

ന്യൂയോര്‍ക്ക്: പരമ്പരാഗതമായ സ്വത്തോ, സമ്പദ്യമോ ഇല്ലാതെ സ്വന്തം അദ്ധ്വാനത്തിലൂടെ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കകാരിയാണ് കെയ്ലി ജെന്നര്‍. വെറും ഇരുപത് വയസുള്ള ഇവരെ ഫോര്‍ബ്സ് മാഗസില്‍ പ്രായംകുറഞ്ഞ സമ്പന്നരുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുകയാണ്. സ്റ്റോര്‍മി എന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ജന്മം നല്‍കിയ കെയ്ലി, 630 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള മേയ്ക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കെയ്ലി കോസ്മറ്റിക്സിന്‍റെ ഉടമയാണ്.

ഈ കമ്പനി രണ്ട് വര്‍ഷം മുന്‍പ് 29 ഡോളറിന്‍റെ ലിപ്പ് കിറ്റ് വിറ്റാണ് വിപണിയില്‍ എത്തിയത്. ഈ കാലയളവിനുള്ളില്‍ കമ്പനിയുടെ മൂല്യം 900 മില്ല്യണ്‍ അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചുവെന്നാണ് ഫോര്‍ബ്സ് പറയുന്നത്. ഇവരുടെ കമ്പനിയുടെ ടാക്സ് വിവരങ്ങളും മറ്റും പരിശോധിച്ചാണ് ഈ ഒരു മൂല്യത്തിലേക്ക് ഫോര്‍ബ്സ് എത്തിയത്. ഇതേ സമയം കമ്പനിയുടെ 100 ശതമാനം ഓഹരികളും ഇപ്പോഴും കെയ്ലി തന്നെയാണ് കയ്യില്‍ വയ്ക്കുന്നത്.

23 വയസില്‍ അമേരിക്കയിലെ സ്വയം അദ്ധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ എന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ റെക്കോഡാണ് കെയ്ലി തകര്‍ത്തത്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സമ്പന്ന പട്ടികയിലും ഇവര്‍ കഴിഞ്ഞ തവണ സ്ഥാനം നേടിയിരുന്നു.

ഫോര്‍ബ്സ് മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രമായ കെയ്ലി അതിന് ട്വിറ്ററില്‍ കൂടി നന്ദിയും അറിയിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും, ഞാന്‍ എന്താണ് ചെയ്യുന്നത് അതിനെ സ്നേഹിക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബിസിനസ് രംഗത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും കെയ്ലി തന്‍റെ ആധിപത്യം തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 101 ദശലക്ഷം ഫോളോവേര്‍സാണ് ഇവര്‍ക്കുള്ളത്. ട്വിറ്ററില്‍ ഇത് 25.6 ദശലക്ഷമാണ്. ഇതിന് ഒപ്പം തന്നെ ട്വിറ്ററില്‍ ഇവരുടെ കമ്പനിക്ക് 16.4 ദശലക്ഷം ഫോളോവേര്‍സുണ്ട്.

ഇവരുടെ കമ്പനിയില്‍ ഏഴ് മുഴുവന്‍ സമയ ജീവനക്കാരും, അഞ്ച് പാര്‍ട്ട്ടൈം ജീവനക്കാരുമാണ് ഉള്ളതെന്നാണ് ഫോര്‍ബ്സ് പറയുന്നത്. 10 ശതമാനം മാനേജ്മെന്‍റ് വിഹിതത്തോടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ്, വില്‍പ്പന ഈ കാര്യങ്ങള്‍ എല്ലാം കെയ്ലി ഒറ്റയ്ക്കാണ് ചെയ്യുന്നത് എന്നാണ് ഫോര്‍ബ്സ് പറയുന്നത്. 

എന്നാല്‍ വന്‍കിടക്കാരാണ് കെയ്ലിയുടെ ഉപഭോക്താക്കള്‍ എന്നതാണ് ഈ നേട്ടത്തിന് പിന്നില്‍ എന്ന് പറയാം. തന്‍റെ കമ്പനി സ്വന്തം ഉണ്ടാക്കിയതാണെങ്കിലും ഫാഷന്‍ ഫീല്‍ഡില്‍ അപരിചിതയല്ല ഇവര്‍. ഇവരുടെ അര്‍ദ്ധ സഹോദരിയാണ് പ്രമുഖ മോഡല്‍ കിം കാര്‍ദഷന്‍. പ്രമുഖ മോഡല്‍ കേഡല്‍ ഇവരുടെ സഹോദരിയാണ്. മോഡലിംഗ് ചെയ്താണ് ആദ്യഘട്ടത്തില്‍ കമ്പനിയിലെ നിക്ഷേപമായ 2.25 ലക്ഷം ഡോളര്‍ ഇവര്‍ കണ്ടെത്തിയത് എന്നാണ് ഫോര്‍ബ്സ് പറയുന്നത്.