റെയില്‍വേ രംഗത്ത് അടിസ്ഥാനസൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കുന്ന മോദി സര്‍ക്കാര്‍ പൊതുവേ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത് കുറവാണ്. എന്നാല്‍ ട്രെയിന്‍ 18 പേരില്‍ അവതരിപ്പിച്ച ഇന്ത്യന്‍ നിര്‍മ്മിത സെമി ബുള്ളറ്റ് ട്രെയിന്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിക്കാനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ദില്ലി:മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രാലയത്തിന്‍റെ താല്‍കാലിക ചുമതല വഹിക്കുന്ന റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിക്കാനിരിക്കേ വലിയ ആകാംക്ഷയിലാണ് രാഷ്ട്രീയലോകവും സാമ്പത്തിക വിദ​ഗ്ദ്ധരും. തെരഞ്ഞെടുപ്പ് വർഷമായതിനാൽ തന്നെ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കും എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ആദായനികുതി പരിധി നിലവിലുള്ളതിൽ നിന്നും ഇരട്ടിയാക്കും എന്ന് നേരത്തെ മുതൽ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിലവില്‍ രണ്ടരലക്ഷം എന്നുള്ള ആദായനികുതി പരിധി അഞ്ചാക്കി ഉയര്‍ത്തിയാല്‍ ശരാശരി വേതനാക്കാരായ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അത് സന്തോഷമേക്കും.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അകലെയാണെന്ന വികാരം ബിജെപിയില്‍ ശക്തമാണ്. ഇരുസംസ്ഥാനങ്ങളിലും അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ആദ്യദിനം തന്നെ കാര്‍ഷികകടങ്ങള്‍ എഴുതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ഷകരെ ആകര്‍ഷിക്കാന്‍ വന്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹം ഉയരുന്നത്. 

വനിതാക്ഷേമം മുന്‍നിര്‍ത്തി കൂടുതല്‍ പദ്ധതികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കിയതോടെ റെയില്‍വേമന്ത്രാലയവുമായി ബന്ധപ്പെട്ട പദ്ധതികളും ഇപ്പോള്‍ യൂണിയന്‍ ബജറ്റിനൊപ്പമാണ് പ്രഖ്യാപിക്കുന്നത്. റെയില്‍വേ രംഗത്ത് അടിസ്ഥാനസൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കുന്ന മോദി സര്‍ക്കാര്‍ പൊതുവേ പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നത് കുറവാണ്. എന്നാല്‍ ട്രെയിന്‍ 18 പേരില്‍ അവതരിപ്പിച്ച ഇന്ത്യന്‍ നിര്‍മ്മിത സെമി ബുള്ളറ്റ് ട്രെയിന്‍ കൂടുതല്‍ റൂട്ടുകളിലേക്ക് വ്യാപിക്കാനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇടക്കാല ബജറ്റിന്‍റെ പരിമിതികളില്‍ നിന്നു കൊണ്ട് സൈന്യത്തിന്‍റെ നവീകരണത്തിന് എന്തെല്ലാം പദ്ധതികള്‍ പ്രഖ്യാപിക്കും എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രതിരോധബജറ്റ് കുത്തനെ കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചു. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ഐഎസ്ആര്‍ഒ പദ്ധതിക്കായി കൂടുല്‍ വിഹിതം ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ. പൊതുമേഖല സ്ഥാപനങ്ങളുടെ ലയനം, സാന്പത്തിക സഹായം എന്നിവയെക്കുറിച്ചും പ്രഖ്യാപനമുണ്ടായേക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന അഭ്യൂഹവും ശക്തമാണ്.