പാവപ്പെട്ടവന്‍റെ ഊട്ടിയെന്നാണ് നെല്ലിയാമ്പതിയുടെ വിളിപ്പേര്. എന്നാൽ കഴിഞ്ഞ അഞ്ചാറുമാസങ്ങളായി നെല്ലിയാമ്പതിക്ക് കഷ്ടകാലമാണ്. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ആകെയുണ്ടായിരുന്ന റോഡ് തകർന്നു.
നെല്ലിയാമ്പതി: ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിക്ക് ഇപ്പോഴും കടുത്ത അവഗണന. നെല്ലിയാമ്പതിയിലേക്കുളള റോഡ് പോലും പൂർണതോതിൽ സഞ്ചാരയോഗ്യമായിട്ടില്ല. ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന നെല്ലിയാമ്പതിയെ അടിക്കടിയുണ്ടാകുന്ന പണിമുടക്കുകളും ഹർത്താലും കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ്.
പാവപ്പെട്ടവന്‍റെ ഊട്ടിയെന്നാണ് നെല്ലിയാമ്പതിയുടെ വിളിപ്പേര്. എന്നാൽ കഴിഞ്ഞ അഞ്ചാറുമാസങ്ങളായി നെല്ലിയാമ്പതിക്ക് കഷ്ടകാലമാണ്. മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ആകെയുണ്ടായിരുന്ന റോഡ് തകർന്നു. തകർന്ന പാലം താത്ക്കാലികമായി മണൽച്ചാക്കിട്ട് നന്നാക്കിയത് മാത്രമാണ് ഇവിടെ ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ സഞ്ചാരികളെ കാത്തിരിക്കുകയാണ് നെല്ലിയാമ്പതി.
മെയ്മാസത്തിന് ശേഷം വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇങ്ങോട്ടുണ്ടായിട്ടില്ല. തോട്ടം മേഖല കഴിഞ്ഞാൽ ഇവിടുത്തെ പ്രധാന ആശ്രയം വിനോദസഞ്ചാരമാണ്. പതിനഞ്ച് സ്വകാര്യ റിസോർട്ടുകളും നിരവധി ഹോംസ്റ്റേകളും ഇവിടെയുണ്ട്. ആളുകളെത്താഞ്ഞതോടെ മിക്കതും അടഞ്ഞുകിടക്കുകയാണ്.
എന്നാല്‍ ഇക്കുറി സീസൺ തുടങ്ങിയതോടെ, കഷ്ടപ്പാടുകൾ സഹിച്ച് വിനോദസഞ്ചാരികളെത്തുന്നുണ്ട്. സൗകര്യക്കുറവിന്‍റെ നീണ്ട പട്ടികയാണ് ഇവർ നിരത്തുന്നത്. നെല്ലിയാമ്പതിയിലേക്കുളള റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാലും സർക്കാരിന്‍റെ അടിയന്തര ശ്രദ്ധയെത്തിയില്ലെങ്കിൽ നെല്ലിയാമ്പതിയുടെ പെരുമ കടലാസിൽ മാത്രമാകുമെന്നാണ് യാഥാർത്ഥ്യം.
