സ്റ്റേറ്റ് ബാങ്കിന് പുറമെ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെല്ലാം ഇതിനോടകം തന്നെ നിരക്കുകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്.

മുംബൈ: എസ്ബിഐ അടക്കമുള്ള ബാങ്കകള്‍ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ വീടും വാഹനവുമൊക്കെ ഇനി അല്‍പ്പം കൂടി ചിലവേറിയ സ്വപ്നമായി മാറും. റിസര്‍വ് ബാങ്കിന്‍റെ വായ്പാ അവലോകന സമിതി യോഗത്തിന് മുന്നോടിയായി 10 ബേസിസ് പോയിന്‍റുകളുടെ (0.10 ശതമാനം) വര്‍ദ്ധനവാണ് പ്രമുഖ ബാങ്കുകളെല്ലാം വരുത്തിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്കിന് പുറമെ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയെല്ലാം ഇതിനോടകം തന്നെ നിരക്കുകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ ആറിനാണ് റിസര്‍വ് ബാങ്കിന്‍റെ അവലോകന സമിതി യോഗം ചേരുന്നത്. ധനസമാഹരണം കണക്കിലെടുത്ത് നിശ്ചയിക്കുന്ന എം.സി.എല്‍.ആര്‍ ഒരു വർഷത്തേക്ക് 8.25 ശതമാനമായാണ് എസ്.ബി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 8.15 ശതമാനമായിരുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് എസ്.ബി.ഐ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത്. 

എച്ച്.ഡി.എഫ്.സി ബാങ്ക് ഭവന വായ്പകളുടെ പലിശ നിരക്കിന് അടിസ്ഥാനമാക്കുന്ന പി.എല്‍.ആര്‍ നിരക്ക് 8.50 ശതമാനമായാണ് കൂട്ടിയത്. ഐ.സി.ഐ.സി.ഐ ബാങ്കും 8.40 ശതമാനമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഒരു വര്‍ഷത്തേക്ക് 8.4 ശതമാനമാനവും യൂണിയന്‍ ബാങ്ക് 8.45 ശതമാനവുമാക്കിയിട്ടുണ്ട്. 20 പോയിന്റുകളാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് കൂട്ടിയത്. 8.9 ശതമാനമായിരിക്കും ഇനി എം.സി.എല്‍.ആർ.