13,000 കോടി രൂപയുടെ കരാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

ദില്ലി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കായി വിവിധ മേഖലകളില്‍ നേരത്തെ അനുവദിച്ചിരുന്ന 13,000 കോടി രൂപയുടെ കരാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. മേക്ക് ഇന്‍ ഇന്ത്യയുടെ നയം ലംഘിച്ച കരാറുകളാണ് റദ്ദ് ചെയ്തത്. ആഭ്യന്തര വിതരണക്കാരും ഉല്‍പ്പാദകരും നേരിടുന്ന വിവേചനങ്ങളും നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്‍റെ ചുവടുപിടിച്ചാണ് കരാറുകള്‍ റദ്ദാക്കിയത്. 

ഏത് ഉല്‍പ്പാദന സംവിധാനത്തിലും ആകെ സംഭരണത്തിന്‍റെ 50 ശതമാനം പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെട്ട വസ്തുക്കളാവണമെന്നുമാണ് 2017 ലെ സര്‍ക്കാര്‍ ഉത്തരവ്. ഈ മാനദണ്ഡം ലംഘിച്ച കരാറുകളാണ് റദ്ദു ചെയ്യുകയോ, മാറ്റി നല്‍കുകയോ ചെയ്തത്.

വിദേശ നിര്‍മാണ കമ്പനികളെ സഹായിക്കുകയും സ്വദേശി ഉല്‍പ്പാദകരെ തടയുകയും ചെയ്യുന്നതില്‍ റെയില്‍വേയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പുതിയ കര്‍ശന നടപടി ആദ്യന്തര ഉല്‍പ്പാദകര്‍ക്ക് സഹായകരവും ഉല്‍പ്പാദനം ഉയര്‍ത്തുകയും ചെയ്യും.