വ്യാപാര ദിനത്തിന്റെ ഏറിയ പങ്കും നേട്ടത്തില്‍ നിന്ന വിപണികളില്‍ ഉച്ചയ്ക്ക് ശേഷമാണ് അപ്രതീക്ഷിത തകര്‍ച്ചയുണ്ടായത്

മുംബൈ: വ്യാപരദിനത്തിലുടനീളം നേട്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരി വിപണി വ്യാപാരത്തിന്റെ അവസാന സമയത്ത് നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിലയൻസ്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്‌സ് 58968 എന്ന നിലവാരത്തിലെത്തിയ ശേഷമാണ് 825 പോയന്റ് ഇടിഞ്ഞത്. ഒടുവിൽ 323 പോയന്റ് നഷ്ടത്തിൽ 58341 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 88 പോയന്റ് താഴ്ന്ന് 17415ൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.

വ്യാപാര ദിനത്തിന്റെ ഏറിയ പങ്കും നേട്ടത്തില്‍ നിന്ന വിപണികളില്‍ ഉച്ചയ്ക്ക് ശേഷമാണ് അപ്രതീക്ഷിത തകര്‍ച്ചയുണ്ടായത്. ആഗോള വിപണികളിലുണ്ടായ ഇടിവിന്റെ ചുവടുപിടിച്ചാണ് സൂചികകൾ നഷ്ടത്തിലേക്ക് വീണത്. വാഹനം, ഐടി, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികളുടെ വിലയിടിവും ഇന്നത്തെ നഷ്ടത്തിന് കാരണമായി.

ബാങ്ക്-നിഫ്റ്റി തളരാതെ പിടിച്ചുനിന്നു. ഒരു ഘട്ടത്തില്‍ 500 ലേറെ പോയിന്റ് നേട്ടമുണ്ടാക്കിയ ബാങ്ക് നിഫ്റ്റിയെ പ്രധാന സൂചികകളിലുണ്ടായ ഇടിവും പ്രധാന ഓഹരികളില്‍ കാര്യമായി മുന്നേറ്റം ഉണ്ടാകാതിരുന്നതും സ്വാധീനിച്ചു. എങ്കിലും ബാങ്ക് നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിച്ചപ്പോൾ 169 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. കൊട്ടക് മഹീന്ദ്രയിലും സൈിഐസിഐ ബാങ്കിന്റെ ഓഹരികളും ഒരു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ ഇന്നും ഇടിഞ്ഞു.

പേടിഎം ഓഹരികൾ വാങ്ങുന്നതിന് ഇന്നും നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചു. ഇതോടെ പേടിഎമ്മിന്റെ ഓഹരികള്‍ 17 ശതമാനത്തിലേറെ വര്‍ധിച്ച് 1752 രൂപയിലേക്കെത്തി. പേടിഎമ്മിന്റെ ഇഷ്യു പ്രൈസ് 2150 രൂപയായിരുന്നു. സ്വകാര്യവത്കരണ വാര്‍ത്തകളെ തുടര്‍ന്ന് ഐഒബിയിലും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ഓഹരികളിലും വന്‍ മുന്നേറ്റമുണ്ടായി. 

നേട്ടമുണ്ടാക്കിയ ഓഹരികൾ: അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, കോൾ ഇന്ത്യ, ബിപിസിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, ഐഒസി, ഐസിഐസിഐ ബാങ്ക് എന്നിവ.

നഷ്ടം നേരിട്ട ഓഹരികൾ: ടാറ്റ കണ്‍സ്മ്യൂര്‍, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി, ഗ്രാസിം, സിപ്ല, ഡിവിസ് ലാബ്, ഐടിസി, റിലയന്‍സ്, ടെക് മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ലാര്‍സണ്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാണിയ തുടങ്ങിയവ.

ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രിപ്റ്റോ കറന്‍സിക്ക് നികുതി ചുമത്താനും സര്‍ക്കാര്‍ തയ്യറെടുക്കുന്നുണ്ട്. അടുത്ത ബജറ്റില്‍ ഇതിന്റെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചുകളെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാക്കി കണക്കാക്കാനും ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ നിന്നും നികുതി ഈടാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദായ നികുതി നിയമങ്ങളിലും വേണ്ട ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.