ദീപാവലി മുഹൂർത്ത വ്യാപാര സെഷനിലൂടെ പുതുവർഷ പിറവി ആഘോഷമാക്കി ഇന്ത്യൻ വിപണികൾ. പുതുവർഷമായ സംവത് 2077 മഹൂർത്ത വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് സൂചിക റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. 

തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് 195 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 43,638 ൽ എത്തി. ഇൻട്രാ ഡേ വ്യാപാരത്തിൽ, സൂചിക എക്കാലത്തെയും ഉയർന്ന നിരക്കായ 43,830.93 ലേക്കും എത്തി. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 51 പോയിൻറ് ഉയർന്ന് 12,771 ൽ ക്ലോസ് ചെയ്തു. ഭാരതി എയർടെൽ, സൺ ഫാർമ (രണ്ടിലും ഒരു ശതമാനം നേട്ടം), ടാറ്റാ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ മികച്ച പ്രകടനം നടത്തിയ ഓഹരികൾ. 30 സെൻസെക്സ് ഘടകങ്ങളിൽ 26 എണ്ണം നേട്ടത്തോടെ വ്യാപാര സെഷൻ പൂർത്തിയാക്കി. 

എൻഎസ്ഇയിൽ മൊത്തം 1,391 ഓഹരികൾ നേട്ടത്തോടെ അവസാനിച്ചപ്പോൾ 397 ഓഹരികളിൽ ഇടിവ് റിപ്പോർട്ട് ചെയ്തു.

ടാറ്റാ സ്റ്റീലിന്റെ ഓഹരികൾ ബിഎസ്ഇയിൽ മൂന്ന് ശതമാനം ഉയർന്ന് 499 രൂപയായി. സെപ്റ്റംബർ പാദത്തിൽ (നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം) സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവ് സൂചനകൾ, വിപണിയിലെ വളർച്ച, ശക്തമായ പണമൊഴുക്ക്, ഉത്പാദനത്തിലെ മെച്ചപ്പെടൽ എന്നിവ മൂലം ഇന്ത്യയിൽ കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകളിൽ മികച്ച മുന്നേറ്റം ദൃശ്യമായിരുന്നു. ഇത് വിപണിയിലെ വ്യാപാര നേട്ടത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.  

ഇനി വ്യാപാരം ചൊവ്വാഴ്ച 

നിഫ്റ്റി ഐടി സൂചികയുടെ നേതൃത്വത്തിൽ നിഫ്റ്റി മേഖലാ സൂചികകളെല്ലാം അര ശതമാനം ഉയർന്നു.

എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8 ശതമാനവും ഉയർന്നു. ഇൻട്രാ ഡേ വ്യാപാരത്തിൽ, ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 16,028 ൽ എത്തി (ബിഎസ്ഇയിൽ ഒരു ശതമാനം വർധന), 2020 ഫെബ്രുവരി 12 ന് തൊട്ടുളള മുൻ ഉയർന്ന നിലവാരമായിരുന്ന 15,931 നെ സൂചിക മറികടന്നു.

മുഹൂർത്ത വ്യാപാരത്തിന് ശേഷം അടച്ച ഇന്ത്യൻ ഓഹരി വിപണിക‌ൾ ഇനി ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള അവധിയുമായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്.