അയല്‍ സംസ്ഥാന ലോബികള്‍ 9 രൂപ വരെ കമ്മീഷന്‍ നല്‍കുന്നു

തിരുവനന്തപുരം: പാല്‍ ലഭ്യതയില്‍ അഭിമാനിക്കുമ്പോഴും അയല്‍ സംസ്ഥാന ലോബികളുടെ നിക്കങ്ങളില്‍ മില്‍മയ്ക്ക് തിരിച്ചടി. കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലിറ്റല്‍ പാലാണ്. ഇതില്‍ 13.15 ലക്ഷം ലിറ്റര്‍ മാത്രമേ വിറ്റഴിക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുള്ളൂ.ബാക്കിയുള്ളത് പാല്‍പൊടിയായി സംഭരിക്കുകയാണ്. എന്നാല്‍ അയല്‍ സംസ്ഥാന ലോബികള്‍ ഈ വളര്‍ച്ചവേളയിലും മില്‍മയെ വിയര്‍പ്പിക്കുകയാണ്.

വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കിയും ക്ഷീര കര്‍ഷകരില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പാല്‍ സംഭരിച്ച് വിലകുറച്ച് വില്‍പ്പന നടത്തിയുമാണ് മില്‍മയുടെ മാര്‍ക്കറ്റ് പോക്കറ്റുകളെ അന്യസംസ്ഥാന ലോബി ആക്രമിക്കുന്നത്. മില്‍മ വ്യാപാരികള്‍ക്ക് ലിറ്ററൊന്നിന് 1.74 രൂപ കമ്മീഷനാണ് നല്‍കുന്നത്. അയല്‍ സംസ്ഥാന ലോബികളാവട്ടെ ഒമ്പത് രൂപ നല്‍കുന്ന സ്ഥാനത്താണിത്.

ഗാര്‍ഹിക ഉപഭോക്താക്കളാണ് മില്‍മ ഉപയോഗത്തിന് വാശിപിടിക്കുന്നത്. എന്നാല്‍ ഹോട്ടല്‍ വ്യാപരികള്‍ക്ക് ഈ വാശിയില്ലാത്തത് ഗുണ ചെയ്യുന്നത് അയല്‍ സംസ്ഥാന പാല്‍ ഉല്‍പ്പാദകരും വിതരണക്കാരുമടങ്ങുന്ന സംഘടിത ലോബിക്കാണ്. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് ഗുണനിലവാരമനുസരിച്ച് 34.50 രൂപ വരെ നല്‍കിയാണ് മില്‍മ പാല്‍ സംഭരിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയില്‍ പാല്‍ സംഭരിക്കുന്ന സ്ഥാപനമാണ് മില്‍മ.

തമിഴ്നാട്ടില്‍ പാല്‍ സംഭരിക്കുന്നത് 24 മുതല്‍ 26 രൂപ വരെ മാത്രം നല്‍കിയാണ്. സ്വകാര്യ കമ്പനികളാവട്ടെ 18 നും 21 നും ഇടയില്‍ മാത്രമാണ് നല്‍കുന്നത്. ഇതിനാല്‍ പാല്‍ വില വളരെ കുറച്ച് വില്‍ക്കാന്‍ അയല്‍സംസ്ഥാന കമ്പനികള്‍ക്ക് കഴിയുന്നുണ്ട്. ഇവയാണ് മില്‍മയ്ക്ക് ഭീഷണിയാവുന്ന പ്രധാന പ്രശ്നങ്ങള്‍.