അബുദാബി, ഷാര്‍ജ തുടങ്ങിയ ഏതാനും ജിസിസി നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വീസുളളത്. 

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രാലയവും സംയുക്തമായി വിളിച്ച യോഗം ജനുവരി 21 ന് തിരുവനന്തപുരത്ത് ചേരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതി നല്‍കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയാകും. 

അബുദാബി, ഷാര്‍ജ തുടങ്ങിയ ഏതാനും ജിസിസി നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വീസുളളത്. വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു ആഭ്യന്തര വിമാനക്കമ്പനി ഗോ എയറാണ്. എയര്‍ ഇന്ത്യ എക്സ്പ്രസാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്. 

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും പ്രത്യേക അനുമതി നല്‍കണമെന്നുളള കിയാലിന്‍റെ അപേക്ഷയില്‍ അനുകൂല തീരുമാനം യോഗം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള എംഡി തുളസിദാസ് പറഞ്ഞു. എമറേറ്റ്സ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍ എന്നിവയാണ് കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുളള മിഡില്‍ ഈസ്റ്റ് വിമാനക്കമ്പനികള്‍.