ദില്ലി: ഉപഭോക്താവിന്റെ അശ്രദ്ധ കൊണ്ട് തട്ടിപ്പിനിരയായി നഷ്ടപ്പെട്ട തുകയും ബാങ്ക് തിരികെ നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ആസാം സ്വദേശിയായ ജെ.സി.എസ് കടാകി എന്നയാളുടെ അക്കൗണ്ടില്‍ നഷ്ടപ്പെട്ട 30,000 രൂപയും നഷ്ടപരിഹാരമായി 23,000 രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കണമെന്നാണ് ഉത്തരവ്. നേരത്തെ സമാനമായ ഉത്തരവ് ആസാമിലെ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ചെങ്കിലും ഇതിനെതിരെ എസ്.ബി.ഐ ദേശീയ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ നിരസിച്ച കോടതി, സംഭവത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്ന് പരിശോധിക്കാന്‍ പോലും ബാങ്ക് തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

2012 ഓഗസ്റ്റ് എട്ടിന് ബാങ്കില്‍ നിന്നെന്ന വ്യാജേന തട്ടിപ്പുകാര്‍ ഫോണില്‍ വിളിച്ചാണ് പരാതിക്കാരന്റെ പണം അപഹരിച്ചത്. രാത്രി എട്ട് മണിക്ക് വന്ന ഫോണ്‍ കോളില്‍, എ.ടി.എം അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നും കാര്‍ഡ് വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങള്‍ നല്‍കി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 976 രൂപയ്ക്ക് തന്റെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയെന്ന മെസേജ് ലഭിച്ചു. തൊട്ട് പിന്നാലെ 769 രൂപയുടേതായി അടുത്ത മെസേജും വന്നു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ 28,949 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയെന്ന് കണ്ടെത്തുകയായിരുന്നു. ഈ ഇടപാടിന്റെ എസ്.എം.എസ് ഒന്നും തനിക്ക് ലഭിച്ചില്ലെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ ബാങ്കില്‍ നിന്ന് ഇത്തരം വിവരങ്ങള്‍ ചോദിച്ച് ആരും വിളിക്കില്ലെന്നും വൈകുന്നേരം അഞ്ച് മണിക്ക് പ്രവൃത്തി സമയം അവസാനിക്കുന്ന ബാങ്കില്‍ നിന്ന് രാത്രി എട്ട് മണിക്ക് എങ്ങനെ വിളിക്കുമെന്നും ചോദിച്ചു. ഉപഭോക്താവിന്റെ വീഴ്ചകൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ ബാങ്ക് ഉത്തരവാദിയായിരിക്കില്ലെന്ന് നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എസ്.ബി.ഐ വാദിച്ചു. എന്നാല്‍ ഇതെല്ലാം ഉപഭോക്തൃ ഫോറം തള്ളുകയായിരുന്നു.