സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനത്തെ വീണ്ടും പഴയ നിലയിലേക്ക് ഉയര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ തന്നെ ആവശ്യമാണ്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ ക്ഷീര വികസന മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സഹായ ഹസ്തവുമായി ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍‍ഡിഡിബി). പ്രളയത്തില്‍ കേരളത്തിന്‍റെ ക്ഷീര ഉല്‍പ്പാദന മേഖലയ്ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുളളത്. കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് കാലിത്തിറ്റ ക്ഷാമം കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനുളള പരിഹാരമായി 500 മെട്രിക് ടണ്‍ കാലിത്തീറ്റ സംസ്ഥാനത്തിന് നല്‍കാന്‍ എന്‍ഡിഡിബി തീരുമാനിച്ചു.

സംസ്ഥാനത്തെ പാല്‍ ഉല്‍പ്പാദനത്തെ വീണ്ടും പഴയ നിലയിലേക്ക് ഉയര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ തന്നെ ആവശ്യമാണ്. കാലിത്തീറ്റയുടെ ആദ്യഗഡുവായ 46 മെട്രിക് ടണ്‍ ഹാസനില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് വയനാട് എത്തിച്ചിട്ടുണ്ട്. 

ഇതിനോടൊപ്പം, പ്രളയ ദുരിതാശ്വാസമായി ബോര്‍ഡ് വിവിധ ക്ഷീര വികസന സമിതികളുടെ സഹായത്തോടെ രണ്ട് കോടി രൂപ വില വരുന്ന ആവശ്യ വസ്തുക്കളാണ് കേരളത്തിന് ലഭ്യമാക്കാന്‍ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിക്ക് എന്‍ഡിഡിബി ചെയര്‍മാന്‍ അയച്ച കത്തില്‍ കേരളത്തിന് രണ്ട് ലക്ഷം ലിറ്റര്‍ സ്റ്ററൈല്‍ പാല്‍ പായ്ക്കറ്റുകള്‍ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിനായി എന്‍ഡിഡിബിയുടെ കീഴില്‍ വരുന്ന ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡ് വഴി അഞ്ച് ലക്ഷം രൂപ വിലവരുന്ന വെറ്റിനറി മരുന്നുകള്‍ ലഭ്യമാക്കുമെന്നും എന്‍ഡിഡിബി ചെയര്‍മാന്‍ ദിലീപ് രഥ് അറിയിച്ചു.